എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. 300 ഓളം യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ നെവാര്‍ക്ക് (യുഎസ്)-ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് സ്വീഡനിലെ സ്റ്റോക്ക്ഹോം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. വിമാത്തിന്റെ എഞ്ചിന്‍ ഓയില്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് ബോയിംഗ് 777-300 ER വിമാനം വഴിതിരിച്ചുവിട്ടത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം അടിയന്തരമായി ഇറക്കിയതിനാല്‍ നിരവധി ഫയര്‍ എഞ്ചിനുകള്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
എഞ്ചിനില്‍ എണ്ണ ചോര്‍ച്ചയുണ്ടായെന്നും പിന്നീട് വിമാനം സുരക്ഷിതമായി സ്റ്റോക്ക്‌ഹോമില്‍ ഇറക്കിയെന്നും മുതിര്‍ന്ന ഡിജിസിഎ ( ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) ഉദ്യാഗസ്ഥന്‍ പറഞ്ഞു. പരിശോധനയ്ക്കിടെ, രണ്ടാമത്തെ എഞ്ചിനില്‍ നിന്ന് എണ്ണ ചോരുന്നതായി കണ്ടെത്തിയെന്നും കൂടുതല്‍ പരിശോധന പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.തിങ്കളാഴ്ച രാവിലെ ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മെഡിക്കല്‍ എമര്‍ജന്‍സി കാരണം ലണ്ടനിലേക്ക് തിരിച്ചുവിട്ടിരുന്നു.