മൈതാനങ്ങള്‍ സൗഹൃദ ഇടങ്ങളായി മാറ്റണം; മന്ത്രി.

0
66

ലപ്പുറം: കായിക മേഖലയിലെ വികസനങ്ങള്‍ വനിതകള്‍ക്കും വയോജനങ്ങള്‍ക്കും ഉപകാരപ്പെടുന്നവയാവണമെന്നും കളി മൈതാനങ്ങള്‍ ഉല്ലാസത്തിനും വിശ്രമവേളകള്‍ ചിലവഴിക്കാനുമുള്ള സൗഹൃദ ഇടങ്ങളായി മാറ്റണമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. എടവണ്ണ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂരില്‍ നിര്‍മിച്ച മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് അധ്യക്ഷത വഹിച്ചു.

പടിഞ്ഞാറെ ചാത്തല്ലൂരുകാരുടെ കായിക സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ പ്രകൃതി രമണീയമായ സ്ഥലത്ത് നിര്‍മിച്ച മിനി സ്റ്റേഡിയത്തില്‍ പ്രദേശവാസികള്‍ക്ക് വ്യായാമം ചെയ്യുന്നതിനും കായികക്ഷമ വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ രീതിയില്‍ അഞ്ച് ലക്ഷം രൂപ ചെലവില്‍ ഓപ്പണ്‍ ജിംനേഷ്യം നിര്‍മിക്കുന്നതിന് കായിക വകുപ്പില്‍ നിന്ന് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

ഉദ്ഘാടന ചടങ്ങില്‍ 30 ലക്ഷം രൂപ ചെലവഴിച്ച്‌ സ്റ്റേഡിയത്തിനായി വാങ്ങിയ ഭൂമിയുടെ രേഖകളും ഔദ്യോഗിക ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ കായികമേഖലയുടെ ജനകീയവത്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഒരു പഞ്ചായത്തിന് ഒരു കളിക്കളം’ എന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ 113 കളിക്കളങ്ങള്‍ നിര്‍മിക്കും. ഇതോടൊപ്പം പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളിലും ഒരു കളിക്കളം ഒരുക്കാനുള്ള ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെ കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1500 കോടി രൂപയുടെ ബഹുമുഖ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ഗ്രാമപഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിച്ചതിലൂടെ പ്രദേശികമായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മികച്ച കായിക പരിശീലനത്തിന് അവസരം ലഭിക്കുന്നുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് എടവണ്ണ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ച്‌ പടിഞ്ഞാറെ ചാത്തല്ലൂരില്‍ മിനി സ്റ്റേഡിയത്തിനായി 103 സെന്റ് സ്ഥലം വിലക്ക് വാങ്ങി ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. പഞ്ചായത്തില്‍ ഇതിനോടകം നാല് വാര്‍ഡുകളില്‍ കളിസ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ചടങ്ങില്‍ പി.വി അന്‍വര്‍ എം.എല്‍.എ, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്രത് വലീദ്, കെ.ടി അന്‍വര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷര്‍, വാര്‍ഡ് മെമ്ബര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ വിവിധ പ്രാദേശിക ക്ലബുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here