ന്യൂസ് ക്ലിക്കിനെതിരെ സിബിഐ, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു;

0
86

ന്യൂസ്‌ക്ലിക്കിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്സിആര്‍എ) ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ബുധനാഴ്ചയും അന്വേഷണ ഏജന്‍സി രണ്ടിടങ്ങളില്‍ റെയ്ഡ് നടത്തി. ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയസ്തയുടെ വസതിയിലും ഓഫീസിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പ്രബീര്‍ പുര്‍കയസ്തയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍(യുഎപിഎ) നിയമപ്രകാരം ഡല്‍ഹി പോലീസ്  അറസ്റ്റ് ചെയ്തതിരുന്നു.

എഫ്സിആര്‍എ ചട്ടങ്ങള്‍ ലംഘിച്ച് പോര്‍ട്ടലിന് വിദേശ ഫണ്ട് ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പ്രചരണ വിഭാഗത്തിലെ സജീവ അംഗമായ നെവില്‍ റോയ് സിംഗം ന്യൂസ്‌ക്ലിക്കിലേക്ക് വന്‍ തുക നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഡല്‍ഹി പോലീസ് എഫ്ഐആറില്‍ പറയുന്നു. ‘ഇന്ത്യയുടെ പരമാധികാരം തകര്‍ക്കുക’ എന്ന ലക്ഷ്യത്തോടെയായിരുന്നു പണമെത്തിയതെന്നും പൊലീസ് ആരോപിക്കുന്നു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) പ്രകാരം ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പുര്‍ക്കയസ്തയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പോര്‍ട്ടലുമായി ബന്ധപ്പെട്ട 45-ലധികം ആളുകളുടെ വസതികളിലും സ്ഥാപനങ്ങളിലും ഒരേസമയം റെയ്ഡുകള്‍ നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ചൊവ്വാഴ്ച പുര്‍കയസ്തയെയും എച്ച്ആര്‍ വകുപ്പ് മേധാവി അമിത് ചക്രവര്‍ത്തിയെയും ഡല്‍ഹി കോടതി 10 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നിലവില്‍ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ്, ഡല്‍ഹി പോലീസ് എന്നിവരാണ് ഇതുവരെ ന്യൂസ്‌ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നത്. ഇതിനിടെ ഡല്‍ഹിയിലെ ന്യൂസ്‌ക്ലിക്കിന്റെ ഓഫീസ് പോലീസ് സീല്‍ ചെയ്തിരുന്നു.

ഇതിനിടെ ന്യൂസ്‌ക്ലിക്ക് സ്ഥാപകന്റെയും എച്ച് ആര്‍ മേധാവിയുടെയും അറസ്റ്റിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് മാറ്റി. ചൊവ്വാഴ്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന കൂടുതല്‍ റിമാന്‍ഡ് ഹിയറിംഗുകള്‍ പരിഗണിച്ച ശേഷം ഉത്തരവുണ്ടാകുമെന്ന് കോടതി അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയസ്ത, എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തി എന്നിവരെ യുഎപിഎ നിയമപ്രകാരമുള്ള കേസില്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ പരമാധികാരം തകര്‍ക്കാനും രാജ്യത്തിനെതിരായ നീക്കങ്ങള്‍ക്കുമായി ചൈനയില്‍ നിന്ന് വിദേശ ഫണ്ട് സ്വീകരിച്ചെന്നായിരുന്നു ആരോപണം. ന്യൂസ്‌ക്ലിക്കിന്റെയും സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെയും 88 സ്ഥലങ്ങളില്‍ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

പുര്‍കയസ്തയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയിലെത്തിയത്. അറസ്റ്റിന്റെ കാരണം ഇതുവരെ ഞങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ റിമാന്‍ഡ് അപേക്ഷയില്‍ അറസ്റ്റിനുള്ള കാരണങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here