തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, രണ്ട് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാനും, തിരഞ്ഞെടുപ്പിലെ വിജയ സാധ്യത കണക്കാക്കിയിട്ടുള്ള മണ്ഡലങ്ങളുടെ പ്രവത്തനത്തെ വിലയിരുത്താനും ദേശീയ അധ്യക്ഷന്‍ നേരിട്ടെത്തുന്നു. നദ്ദ തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങൾ സന്ദർശിക്കുകയും, കേരള സന്ദർശനത്തിലൂടെ, ബിജെപി യുടെ മിഷൻ കേരളം എന്ന പേരിൽ നിയമസഭാ പോരാട്ടത്തിന് വിപുലമാക്കിയിരിക്കുന്ന ഒരുക്കങ്ങളെ വിലയിരുത്തുകയും ചെയ്യും.
ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്ത് വിമാനത്താവളത്തിലെത്തുന്ന ദേശീയ അധ്യക്ഷനെ റോഡ് ഷോയോടെ സ്വീകരിക്കും.
കോര്‍ കമ്മറ്റിയോഗത്തിലും സംസ്ഥാന കമ്മറ്റി യോഗത്തിലും ജെപി നദ്ദ പങ്കെടുക്കും. പദ്ധതികളും തന്ത്രങ്ങളും എല്ലാം ആവിഷ്കരിക്കുക ഇനി ദേശീയ നേതൃത്വം തന്നെയാകും. ബിജെപി നേതാക്കള്‍ക്ക് പുറമേ എന്‍ഡിഎ ഘടകക്ഷികളുമായും ചര്‍ച്ച നടത്തും. പ്രമുഖ വ്യക്തികളും സാമൂദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ആദ്യ ദിനത്തിലെ പ്രധാന പരിപാടികളില്‍ ഉള്‍പ്പെടുന്നു.
മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരിക്കും. പിന്നീട് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന നദ്ദ എന്‍ഡിഎ യോഗത്തിലും പങ്കെടുക്കും. ഇതിനിടയില്‍ പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനവും നടത്തും. നാളെ വൈകുന്നേരം നദ്ദ തൃശൂരിലെ പൊതു സമ്മേളനത്തിലും പങ്കെടുക്കും.