സുഡാനില്‍ പോരാട്ടം തുടരുന്നു: മരണം നൂറിലേക്ക്.

0
55

ഖാര്‍ത്തൂം : വടക്കേ ആഫ്രിക്കന്‍ രാജ്യമായ സുഡാനെ ചോരക്കളമാക്കി സുഡാന്‍ സൈന്യവും അര്‍ദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫ് ) തമ്മിലെ ആഭ്യന്തര കലാപം തുടരുന്നു.

കലാപത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ തലസ്ഥാനമായ ഖാര്‍ത്തൂമിലടക്കം ശക്തമായ സ്ഫോടനങ്ങളും വെടിവയ്പുകളും റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാര്‍ക്കിടയിലെ മരണ സംഖ്യ 97 ആയി. പരിക്കേറ്റവരുടെ എണ്ണം 1,000 പിന്നിട്ടു.

ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള ആര്‍.എസ്.എഫിനെ പിരിച്ചുവിടാന്‍ സൈനിക തലവന്‍ ജനറല്‍ അബ്ദേല്‍ ഫത്താ അല്‍ ബര്‍ഹാന്‍ ഇന്നലെ ഉത്തരവിട്ടു. ആര്‍.എസ്.എഫിനെ രാജ്യത്തെ വിമത ഗ്രൂപ്പായും ബര്‍ഹാന്‍ മുദ്രകുത്തി. ആര്‍.എസ്.എഫ് അംഗങ്ങള്‍ കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു. ബര്‍ഹാനും ആര്‍.എസ്.എഫിന്റെ തലവന്‍ ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗാലോയും തമ്മില്‍ അധികാരത്തിന് വേണ്ടിയുള്ള പോരാട്ടമാണ് കലാപത്തില്‍ കലാശിച്ചത്. സുഡാന്റെ നിയന്ത്രണം സ്വന്തമാക്കാനാണ് ഇരുകൂട്ടരുടെയും ശ്രമം.

അതേസമയം, ശനിയാഴ്ച മുതല്‍ വീടുകളില്‍ ഭീതിയോടെ തുടരുന്ന ജനങ്ങള്‍ ദുരിതപൂര്‍ണ്ണമായ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. വൈദ്യുതി, വെള്ളം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താറുമാറായി. ഇതിനിടെ പലയിടത്തും വ്യാപക മോഷണങ്ങളും അരങ്ങേറുന്നുണ്ട്. 2021ലെ അട്ടിമറിക്ക് ശേഷം ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കുമെന്ന് സൈന്യം വാഗ്ദാനം നല്‍കിയിരുന്നെങ്കിലും കലാപം ഇതിനെ അനിശ്ചിതത്വത്തിലാക്കുമെന്നാണ് ജനങ്ങളുടെ ഭയം.

തങ്ങളുടെ മൂന്ന് ഉദ്യോഗസ്ഥര്‍ കലാപത്തില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം രാജ്യത്തെ സേവനങ്ങള്‍ നിറുത്തിവച്ചു. സഹായങ്ങളെത്തിക്കാനും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനും മാനുഷിക ഇടനാഴികള്‍ തുറക്കണമെന്നും ഇരുകൂട്ടരും വെടിനിറുത്തല്‍ നടപ്പാക്കണമെന്നും ആരോഗ്യപ്രവര്‍ത്തകരും യു.എസ് അടക്കമുള്ള രാജ്യങ്ങളും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here