ന്യൂയോര്‍ക്ക് : ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റായ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവച്ചു.
ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 6.50ന് ടെക്സസിലെ ബോക ചികയിലെ സ്റ്റാര്‍ ബേസില്‍ നിന്നായിരുന്നു വിക്ഷേപണം തീരുമാനിച്ചത്.
സ്‌റ്റാര്‍ഷിപ്പിന്റെ ബൂസ്റ്റര്‍ സ്റ്റേജില്‍ മര്‍ദ്ദവ്യതിയാനം കണ്ടെത്തിയതോടെ അവസാന മിനിറ്റില്‍ വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു. പുതുക്കിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചിട്ടില്ല. ചുരുങ്ങിയത് 48 മണിക്കൂര്‍ കഴിയാതെ വിക്ഷേപണം നടത്താനാകില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അടുത്ത ശ്രമം ഉണ്ടാകുമെന്ന് സ്പേസ്‌എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്ക് അറിയിച്ചു.
മെക്സിക്കോ ഉള്‍ക്കടലിന്റെ തീരത്തെ ബീച്ചുകളില്‍ സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം കാണാന്‍ ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയിരുന്നത്. അതേസമയം, റോക്കറ്റിന്റെ ഇന്ധനം നിറച്ചുള്ള ‘വെറ്റ് ഡ്രെസ് റിഹേഴ്സല്‍” ഇന്നലെ നടത്തി.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സാദ്ധ്യമെങ്കില്‍ അതിനപ്പുറത്തേക്കും മനുഷ്യരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്പന ചെയ്ത കരുത്തുറ്റതും ഏറ്റവും വലിപ്പമേറിയതുമായ റോക്കറ്റാണ് 400 അടി നീളമുള്ള സ്റ്റാര്‍ഷിപ്പ്. മുകളില്‍ 164 അടി നീളമുള്ള സ്റ്റാര്‍ഷിപ്പ് പേടകവും താഴെ 230 അടി നീളത്തിലെ സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ റോക്കറ്റും ചേര്‍ന്നതാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് സംവിധാനം.
നൂറു യാത്രികരെ സ്റ്റാര്‍ഷിപ്പിന് ഉള്‍ക്കൊള്ളാനാകും. ബഹിരാകാശ യാത്രകള്‍ക്ക് പുറമേ ഭൂമിയുടെ വിവിധ കോണുകളിലേക്കുള്ള യാത്രയും സ്റ്റാര്‍ഷിപ്പിന്റെ ലക്ഷ്യമാണ്. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഭൂമിയുടെ ഒരറ്റത്ത് നിന്ന് മറ്റൊരു കോണിലേക്ക് വെറും ഒരു മണിക്കൂര്‍ കൊണ്ട് പറന്നെത്താന്‍ സ്റ്റാര്‍ഷിപ്പിന് കഴിഞ്ഞേക്കും.
ഇന്നേവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ വിക്ഷേപണ വാഹനമായതിനാല്‍ വിക്ഷേപണ ശ്രമം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും വിജയിക്കാന്‍ കാലതാമസമുണ്ടാകാമെന്നും മസ്ക് അടക്കം വ്യക്തമാക്കിയിരുന്നു.