പാലക്കാട്: അയോധ്യയിലേക്കുള്ള തീർത്ഥാടകരുമായി ഇന്ന് പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെടാനിരുന്ന അയോധ്യ ആസ്ഥാ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. ഉത്തരേന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ തിരക്കുകാരണം ആവശ്യത്തിന് കോച്ചുകൾ ലഭിച്ചില്ലെന്നാണ് വിവരം. അയോധ്യയിലേക്ക് കേരളത്തിൽ നിന്നുള്ള ആദ്യ സർവീസായിരുന്നു ഇന്ന് പുറപ്പെടാനിരുന്നത്. ബുക്ക് ചെയ്ത യാത്രക്കാർക്ക് പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റ് തീയതികളിലും മാറ്റമുണ്ടോ എന്ന കാര്യവും പിന്നാലെ അറിയിക്കും.
തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനും ഉണ്ടാകില്ല. അയോധ്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് റെയിൽവേ ഇതുവരെ വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ലെന്നും ഫെബ്രുവരി രണ്ടാം വാരത്തിൽ യാത്ര നടന്നേക്കുമെന്നാണ് അറിയുന്നത്.
ഇന്ന് 7.10ന് സർവീസുകൾ ആരംഭിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പാലക്കാട് നിന്ന് പുറപ്പെടുന്ന അയോധ്യ ട്രെയിൻ 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിനാണ് അയോധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്.
ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേയ്ക്ക് സർവീസ് ഉണ്ടാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തിരുനെൽവേലിയിൽ നിന്ന് ഫെബ്രുവരി ഒന്നിന് അയോധ്യയിലേക്ക് പുറപ്പെടുന്ന ട്രെയിന് കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗൺ, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
പ്രാണ പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ ദിനംപ്രതി ലക്ഷകണക്കിന് ഭക്തരാണ് അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തുന്നത്. കാശിയും ഹരിദ്വാറും പോലെ രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടക കേന്ദ്രമായി അയോധ്യ മാറുന്നുവെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയോധ്യ ധാം റെയില്‍ സ്റ്റേഷനിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം അറിയിച്ചിരുന്നു. ഒരു ആസ്ഥാ സ്പെഷ്യല്‍ ട്രെയിനില്‍ 1500 പേര്‍ക്കാകും യാത്ര ചെയ്യാന്‍ സാധിക്കുക. ഓരോ ട്രെയിനിലും 22 സ്ലീപ്പര്‍ കോച്ചുകള്‍ ഉണ്ടാകും.