ടിഎൻജി പുരസ്കാര സമർപ്പണം ഇന്ന്; അവാർഡ് ദാനം ചെറുവയൽ രാമൻ്റെ വീട്ടുമുറ്റത്ത്.

0
61

കൽപ്പറ്റ: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ടി.എൻ.ഗോപകുമാറിൻ്റെ സ്മരണാര്‍ത്ഥമുള്ള ഏഴാമത് ടിഎന്‍ജി പുരസ്കാരം നെൽകർഷകനായ പത്മശ്രീ ചെറുവയൽ രാമന് ഇന്ന് സമ്മാനിക്കും. മാനന്തവാടി കമ്മനയിലെ ചെറുവയൽ രാമൻ്റെ വീട്ടുമുറ്റത്തുവച്ചാണ് പുരസ്കാരം നല്‍കുക. കാർഷിക അവകാശ പ്രവർത്തക ചുക്കി നഞ്ചുണ്ട സ്വാമിയാണ് ടിഎൻജി പുരസ്കാരം സമ്മാനിക്കുക.

നേരിനൊപ്പം നിർഭയം സഞ്ചാരം. സത്യസന്ധവും സ്വതന്ത്രവുമായ വാർത്താ പരിചരണം. തൊഴിലിടത്തിൽ നിഷ്കർഷതയും അച്ചടക്കവും മാധ്യമപ്രവർത്തനത്തിൻ്റെ കണ്ണാടി സാധാരണക്കാരന് നേരെ തിരിച്ച ജേർണലിസ്റ്റായിരുന്നു ടിഎന്‍ ഗോപകുമാര്‍. വാർത്തയ്ക്ക് കണ്ണാടിയിലൂടെ കാരുണ്യത്തിൻ്റെ മേൽവിലാസമെഴുതിയ ടി.എൻ.ഗോപകുമാറിന്‍റെ ഓർമദിനമായ ഇന്നാണ് ടിഎൻജി പുരസ്കാരം സമര്‍പ്പിക്കുന്നത്.

പൈതൃക നെൽവിത്തുകളുടെ കാവലാളും അറിവനുഭവം കൊണ്ട് പരമ്പരാഗത നെൽവിത്തുകളെ സംരക്ഷിക്കുന്ന കർഷകനുമാണ് ചെറുവയല്‍ രാമന്‍. കലർപ്പില്ലാത്ത കൃഷി ജീവിതത്തിനും കൃഷിയറിവുകളുടെ അക്ഷയ ഖനിയായതിനുമാണ് ചെറുവയൽ രാമന് ഏഷ്യാനെറ്റ് ന്യൂസിൻ്റെ അംഗീകാരം. ജേതാവിന്റെ വീട്ടുമറ്റത്ത് വച്ചുതന്നെയാണ്ഏഴാമത് ടി.എൻ.ജി പുരസ്കാര സമർപ്പണം.  ഗൃഹാതുരത്വം തളംകെട്ടി നിൽക്കുന്ന പുല്ലുമേഞ്ഞ വീട്ടരികിൽ കാർഷിക അവകാശ പ്രവർത്തക ചുക്കി നഞ്ചുണ്ട സ്വാമി പുരസ്കാരം സമ്മാനിക്കും. വൈകീട്ട് നാലുമണിക്കാണ് ചടങ്ങ്.

 

LEAVE A REPLY

Please enter your comment!
Please enter your name here