ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. മലൈക്കോട്ടൈ വാലിഭൻ എന്നാണ് ചിത്രത്തിന്റെ പേര്. അടുത്ത വർഷം ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.
ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്. സിനിമയെ കുറിച്ചുള്ള ഓരോ പുതിയ വാർത്തകൾക്കും അത്രത്തോളം പിന്തുണയാണ് ലഭിക്കുന്നത്. എന്താണ് സിനിമയുടെ പേര്, കഥാപശ്ചാത്തലം എങ്ങനെയാകും, മോഹന്‍ലാലിന്‍റെ ലുക്ക് എങ്ങനെയാകും, ആരൊക്കെയാകും മറ്റ് അണിയറക്കാര്‍ എന്നിങ്ങനെ നിരവധി സംശയങ്ങളാണ് ചിത്രത്തെ ചുറ്റിപറ്റി സിനിമപ്രേമികള്‍ക്കിടയില്‍ ഉയരുന്നത്.
ജനുവരി 10ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാൻ ഷെഡ്യൂൾ നീണ്ടുനിൽക്കും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെയും ഏറ്റവും വലിയ സിനിമയാകും ഇത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പി.എസ്. റഫീക്ക് ആണ് തിരക്കഥ. ഛായാഗ്രഹണം മധു നീലകണ്ഠൻ. സംഗീതം പ്രശാന്ത് പിള്ള. ആർട് ഗോകുൽദാസ്. ടിനു പാപ്പച്ചൻ ആണ് സംവിധാന സഹായി.