വെറും അഞ്ച് വര്‍ഷം കൊണ്ട് മലയാള സിനിമയില്‍ തന്‍റേതായ ഇടം സൃഷ്ടിച്ച നടിയാണ് അനശ്വര രാജന്‍. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ പുലര്‍ത്തുന്ന സൂക്ഷ്മതയും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഉള്‍പ്പെടെയുള്ള വിജയങ്ങളുമാണ് അനശ്വരയെ ശ്രദ്ധേയയാക്കിയത്. സൂപ്പര്‍ ശരണ്യക്കു ശേഷം അനശ്വര ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൈക്ക് മറ്റു ചില കാരണങ്ങള്‍ കൊണ്ടും റിലീസിനു മുന്‍പ് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മലയാളി വേരുകളുള്ള ബോളിവുഡ് താരം ജോണ്‍ എബ്രഹാം സ്വന്തം ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മൈക്ക്. മോണോലോഗ് വീഡിയോകളിലൂടെ പ്രശസ്തനായ രഞ്ജിത്ത് സജീവിന്‍റെ അരങ്ങേറ്റ ചിത്രവുമായ മൈക്കിന്‍റെ റിലീസിനു മുന്‍പെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ കൈയടി നേടിയിരുന്നു. മലയാള സിനിമയില്‍ അങ്ങനെ കടന്നുവരാത്ത ഒരു പ്രമേയപരിസരത്തിലൂടെയാണ് മൈക്കിന്‍റെ യാത്ര.
സാറ തോമസ് എന്നാണ് അനശ്വര അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പേര്. സമപ്രായക്കാരായ ആണ്‍കുട്ടികള്‍ അനുഭവിക്കുന്ന സാമൂഹികമായ സ്വതന്ത്ര്യം തനിക്ക് ഇല്ലാതെപോയതില്‍ എപ്പോഴും സങ്കടപ്പെടുന്ന, ആണ്‍കുട്ടികളുള്ള ചങ്ങാതിക്കൂട്ടങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് സാറ. ശീലത്താലും ആവര്‍ത്തനങ്ങളാലും മിക്കപ്പോഴും സാധാരണവത്കരിക്കപ്പെടുന്ന ലിംഗ വേര്‍തിരിവിന്‍റെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന സാറ ഒരിക്കല്‍ നിര്‍ണ്ണായകമായ തീരുമാനത്തിലേക്ക് എത്തുകയാണ്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറുക എന്നതാണ് അത്. മനസുകൊണ്ട് ഒരു പുരുഷനാണ് താനെന്ന് സ്വയം മനസിലാക്കുന്ന സാറ മാറ്റത്തിനു ശേഷം സ്വീകരിക്കാന്‍ വച്ചിരിക്കുന്ന പേരാണ് മൈക്ക്. മൈക്കിലേക്കുള്ള യാത്രയ്ക്കിടെ സാറകണ്ടുമുട്ടുന്നയാളാണ് ആന്റണി (രഞ്ജിത്ത് സജീവ്). ഭൂതകാലത്തിന്റേതായ സംഘര്‍ങ്ങളില്‍ ഉഴലുന്ന, ആദ്യ കാഴ്ചയില്‍ നിഗൂഢത തോന്നിപ്പിക്കുന്ന ആന്‍റണിയോട് ഒരു സഹായം ചോദിക്കുകയാണ് സാറ. ജീവിതത്തില്‍ നിര്‍ണ്ണായകമായ ഒരു തീരുമാനമെടുത്തിരിക്കുന്ന സാറയുടെയും ജീവിതം തന്നെ അവസാനിപ്പിക്കണമെന്ന് കരുതുന്ന ആന്‍റണിയുടെയും മുന്നോട്ടുള്ള യാത്രയാണ് മൈക്ക്.