ദില്ലി: ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം വിശ്വാസ വോട്ടില്‍ വിജയിച്ചു. ഭൂരിപക്ഷം തെൡയിച്ചതോടെ സര്‍ക്കാര്‍ തുടരുമെന്ന് ഉറപ്പായി. നേരത്തെ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ജെഡിയു പുറത്തുപോന്നിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ വീണത്. തുടര്‍ന്ന് ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കി നിതീഷ് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
അതേസമയം വിശ്വാസ വോട്ടിന് മുമ്പ് ആര്‍ജെഡി നേതാക്കളുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. തൊഴില്‍ ലഭിക്കാനായി ഭൂമി നല്‍കിയ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. അതേസമയം ബിജെപിയുടെ നീക്കങ്ങളാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.വിശ്വാസ വോട്ടെടുപ്പില്‍ സംസാരിക്കവേ സഖ്യം ശക്തിപ്പെടുകയാണെന്ന് തേജസ്വി യാദവ് പറഞ്ഞു. ഞങ്ങള്‍ ക്രിക്കറ്റര്‍മാരാണ്. ആര്‍ജെഡിയും ജെഡിയുവും ഒരിക്കലും പിരിയാത്തൊരു സഖ്യമാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഇത് ഏറ്റവും നീണ്ടുനില്‍ക്കുന്നൊരു ഇന്നിംഗ്‌സായിരിക്കും. ബീഹാറിന്റെയും രാജ്യത്തിന്റെയും വികസനത്തിന് വേണ്ടിയായിരിക്കും ഈ സഖ്യം.
ഇത്തവണ ആരും റണ്ണൗട്ടാകില്ലെന്നും തേജസ്വി യാദവ് പറഞ്ഞു. അതേസമയം ജെഡിയുവിനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇല്ലാതാക്കാന്‍ വലിയ ഗൂഢാലോചനയാണ് നടന്നതെന്ന് നിതീഷ് കുമാറും ആരോപിച്ചു.
ബിജെപി അവരുടെ എല്ലാ സീനിയര്‍ നേതാക്കളെ ഒതുക്കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ബീഹാറിന് പട്‌ന യൂണിവേഴ്‌സിറ്റി വേണമെന്ന ആവശ്യം പോലും അംഗീകരിച്ചില്ലെന്ന് നിതീഷ് കുമാര്‍ ആരോപിച്ചു. നിങ്ങള്‍ എനിക്കെതിരെ എന്തെങ്കിലും സംസാരിക്കണം. എന്നാല്‍ മാത്രമേ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും നിങ്ങള്‍ക്ക് കിട്ടൂ എന്ന് നിയമസഭയില്‍ പ്രതിഷേധിച്ച ബിജെപി എംഎല്‍എമാരോടായി നിതീഷ് കുമാര്‍ പറഞ്ഞു.