കോഴിക്കോട്: വധഭീഷണി നിലനില്‍ക്കെ കെകെ രമ എംഎല്‍എയുടെ ബസ് യാത്ര ചര്‍ച്ചയാവുന്നു. ഗണ്‍മാനോ സഹായികളോ ഇല്ലാതെയാണ് രമ യാത്ര ചെയ്തത് നടുവണ്ണൂരിലെ സ്വന്തം വീട്ടിലേക്കായിരുന്നു ഒറ്റയ്ക്ക് ബസില്‍ യാത്ര ചെയ്തത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ ചിത്രം.
ഭീഷണി നിലനില്‍ക്കെ അതൊന്നും കൂസാതെ ബസിലെ ഇടതുവശത്തെ സീറ്റില്‍ യാത്ര ചെയ്യുന്ന കെകെ രമയുടെ ചിത്രം കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അനീഷ് കോട്ടപ്പള്ളി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. രമയുടെ ധീരതയെ വീഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.
വടകര പഴയ ബസ് സ്റ്റാന്‍ഡിലാണ് പേരാമ്പ്ര റൂട്ടിലോടുന്ന ബസ്സിലെ യാത്രക്കാരിയായി കെകെ രമയെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കണ്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രമയെ കണ്ട കാര്യം അനീഷ് കുറിപ്പായി എഴുതിയിട്ടുണ്ട്. രമ മാസ്‌ക് ധരിച്ചത് കാരണം ആദ്യമൊന്ന് ശങ്കിച്ചെങ്കിലും, എംഎല്‍എ ആണെന്ന് പിന്നെ മനസ്സിലായത്. ജനപ്രതിനിധികളാവുന്ന പലരും കാണിക്കുന്ന ജാഡകള്‍ കാണുമ്പോഴാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ലാളിത്യം ഓര്‍ത്തത്. ഇവരില്‍ നിന്ന് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ പലതും പഠിക്കാനുണ്ട് എന്ന തോന്നല്‍ തന്നെയാണ് പടം പോസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെന്നും ഇയാള്‍ കുറിച്ചിട്ടുണ്ട്.
അനുവാദിമില്ലാതെ പടമെടുത്ത് പോസ്റ്റ് ചെയ്തത് രമേച്ചി ക്ഷമിക്കണം, എന്ന് കൂടി ഈ പോസ്റ്റില്‍ പറയുന്നുണ്ട്. രണ്ട് ദിവസത്തെ തിരക്കേറിയ പരിപാടികളിലായിരുന്നു കെകെ രമ. ഇതിന് ശേഷം ആലുവയില്‍ നിന്ന് അവര്‍ മണ്ഡലത്തില്‍ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. ക്ഷീണീച്ച ഡ്രൈവറെയും ഗണ്‍മാനെയും ഒപ്പമുണ്ടായിരുന്ന സഹയാത്രികരെയും എംഎല്‍എ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്നാണ് നടുവണ്ണൂരിലെ വീട്ടിലേക്ക് ബസ് കയറിയത്. സ്വന്തം വീട്ടിലേക്കുള്ള പോക്കായത് കൊണ്ട് ഔദ്യോഗിക കാര്യത്തിനുള്ള സുരക്ഷ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എംഎല്‍എ. അതേസമയം ഇന്ന് നിയമസഭയിലും മുഖ്യമന്ത്രിയെ ചോദ്യം ചോദിച്ച് വെള്ളം കുടിപ്പിച്ചിരുന്നു കെകെ രമ. അട്ടപ്പാടിയിലെ മധു ക കൊലക്കേസില്‍ പോലീസുകാരുടെ പങ്ക് മറച്ചുവെക്കുന്നതിന് കെട്ടിച്ചമച്ചുണ്ടാക്കിയ സാക്ഷികളാണ് കൂറുമാറിയത് എന്നാണ് കെകെ രമ ആരോപിച്ചത്. ഇത് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ആരോപണം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. പ്രതികള്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന് നാട്ടുകാര്‍ പോലും പറഞ്ഞിട്ടില്ല. രമയുടെ ആരോപണം തെറ്റിദ്ധാരണ കൊണ്ടാണോ അതോ മനപ്പൂര്‍വം പ്രതികളെ രക്ഷിക്കാനാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.