ഹൈദരാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ബിജെപി എംഎല്‍എ ടി രാജ സിങിനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. ഹൈദരാബാദ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത പിന്നാലെയാണ് പാര്‍ട്ടിയും നടപടിയെടുത്തത്. രാജയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ മുസ്ലിങ്ങള്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തെലങ്കാന നിയമസഭയില്‍ ബിജെപിക്കുള്ള ഏക എംഎല്‍എയാണ് രാജ സിങ്.
വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം രാജ സിങിനെതിരെ പോലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. ഇതാണ് പാര്‍ട്ടിയും നടപടിയെടുക്കാന്‍ കാരണം. ബിജെപിക്കെതിരായ പ്രതിഷേധം ശക്തിപ്പെടുമെന്ന സൂചനകള്‍ക്കിടെയാണ് പാര്‍ട്ടി നടപടി. വീഡിയോ തയ്യാറാക്കിയതിന്റെ ഉത്തരവാദി രാജ സിങ് മാത്രമാണെന്നും പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ബിജെപി നേതൃത്വം അറിയിച്ചു.