കര്‍ണാടക മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

0
69

കര്‍ണാടക മന്ത്രിസഭയിലേക്ക് 24 പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് നേതാക്കളും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മില്‍, ദിവസങ്ങളോളം നടന്ന നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ സംഭവവികാസം

മെയ് 13ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച വിജയം നേടി ആഴ്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ മന്ത്രിസഭ രൂപീകരിക്കാന്‍ പോകുന്നത്. മെയ് 20 ന് കര്‍ണാടകയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും 8 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് 24 പുതിയ മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയുടെ ഭാഗമാകും

ഇതോടെ മുഖ്യമന്ത്രിയടക്കം 34 മന്ത്രിമാരാണ് കര്‍ണാടക മന്ത്രിസഭയില്‍ ഉണ്ടാവുക. ലിംഗായത്ത്, വൊക്കലിഗ, പട്ടികജാതി-പട്ടികവര്‍ഗ, മുസ്ലിം, ബ്രാഹ്‌മണര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട മന്ത്രിമാരാണ് വിപുലീകരിച്ച മന്ത്രിസഭയില്‍ ഉണ്ടാവുകയെന്നാണ് ലഭിക്കുന്ന വിവരം.

ദിനേശ് ഗുണ്ടു റാവു, കൃഷ്ണ ബൈരെ ഗൗഡ, ഈശ്വര്‍ ഖന്ദ്രെ, റഹീം ഖാന്‍, സന്തോഷ് ലാഡ്, കെ എന്‍ രാജണ്ണ, കെ വെന്റകേഷ്, എച്ച് സി മഹാദേവപ്പ, ബൈരതി സുരേഷ്, ശിവരാജ് തങ്ങാടി, ആര്‍ ബി തിമ്മുപൂര്‍, ബി നാഗേന്ദ്ര, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മധു ബംഗാരപ്പ,  ഡി സുധാകര്‍, ചലുവരയ്യ സ്വാമി, മങ്കുല്‍ വൈദ്യ, എം സി സുധാകര്‍ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന എംഎല്‍എമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളത്. എച്ച്കെ പാട്ടീല്‍, ശരണ്‍പ്രകാശ് പാട്ടീല്‍, ശിവാനന്ദ് പാട്ടീല്‍, എസ്എസ് മല്ലിഖാര്‍ജുന, ശരണ്‍ബസപ്പ ദര്‍ശനപുര, ഏക എംഎല്‍സിയായ എന്‍എസ് ബോസരാജു എന്നിവരും പുതിയ മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെടും.

ഇതിനുപുറമെ, കര്‍ണാടക നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി സി പുട്ടരംഗഷെട്ടിയെ നിയമിക്കുന്നതിനുള്ള നിര്‍ദ്ദേശവും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here