ഇടുക്കി ചിന്നക്കനാലില്‍ നിന്നും ദൗത്യ സംഘം പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട കാട്ടാന അരിക്കൊമ്പന്‍ കമ്പം ടൗണില്‍ എത്തി. ഇന്ന് രാവിലെയാണ് അരിക്കൊമ്പന്‍ കമ്പത്തെ ജനവാസ മേഖലയില്‍ എത്തിയത്. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ലോവര്‍ ക്യാമ്പില്‍ നിന്നും വനാതിര്‍ത്തിയിലൂടെ ഇവിടെ എത്തിയതാകാമെന്നാണ് നിഗമനം. ഇന്ന് രാവിലെ ആനയുടെ സിഗ്‌നല്‍ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് അരിക്കൊമ്പന്‍ കമ്പത്ത് ജനവാസ മേഖലയില്‍ എത്തിയെന്ന് വ്യക്തമായത്.
ഇന്നലെ കുമളിയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയായിരുന്നു അരിക്കൊമ്പന്‍ ഉണ്ടായിരുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നുണ്ട്. രണ്ട് സംഘങ്ങളും വിഎച്ച്എഫ് ആന്റിനയുടെ സഹായത്തോടെയാണ് ആനയെ നിരീക്ഷിക്കുന്നത്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നലുകളും നിരീക്ഷിക്കുന്നുണ്ട്.