കിളിമാനൂര്‍: റോഡരികില്‍ ഒതുക്കിയ ഇന്നോവ കാര്‍ കത്തിച്ചതായി പരാതി. സംഭവത്തില്‍ നഗരൂര്‍, കോട്ടയ്ക്കല്‍, ദ്വാരകയില്‍ കൃഷ്ണകുമാറിനെതിരെ നഗരൂര്‍ പൊലീസ് കേസെടുത്തു.
ഞായര്‍ രാത്രി 11.15ന് കോട്ടയ്ക്കലായിരുന്നു സംഭവം. കടവിള, ഉണ്ണിക്കണ്ണന്‍ വീട്ടില്‍ വിനീതിന്റെ കെഎല്‍ 4 യു 55 15 എന്ന കറുത്ത ഇന്നോവയാണ് കത്തിച്ചത്. പിറകിലെ ചില്ല് ഇടിച്ച് തകര്‍ത്ത് തീയിട്ടെന്നാണ് നിഗമനം.
നാട്ടുകാരും ആറ്റിങ്ങല്‍ അഗ്നി രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് തീ അണച്ചു . കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കൃഷ്ണകുമാറിനെക്കുറിച്ച് പ്രദേശവാസികള്‍ക്ക് നിരവധി പരാതിയുണ്ട്. രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ മുട്ടി വിളിക്കുന്നതും അശ്ലീലച്ചുവയോടെ സംസാരിക്കുന്നതും സ്ഥിരമാണത്രെ. ഇത് സംബന്ധിച്ച പരാതിയും നഗരൂര്‍ സ്റ്റേഷനിലുണ്ട്.