
നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ടീമിലേക്കു തിരിച്ചെത്തിയ മല്‍സരത്തില്‍ ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റിനു ബംഗ്ലാ കടുവകളെ തുരത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ബംഗ്ലാദേശ് 246 റണ്‍സിന്റെ വിജയലക്ഷ്യമാണ് കിവികള്‍ക്കു നല്‍കിയത്
മുന്നില്‍ നിന്നു പട നയിച്ച വില്ല്യംസണും (78) ഡാരില്‍ മിച്ചെലും (89*) ചേര്‍ന്ന് കിവികളെ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 42.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ വിജയം വരുതിയിലാക്കി. മൂന്നാം വിക്കറ്റില്‍ വില്ല്യംസണ്‍- മിച്ചെല്‍ സഖ്യം 109 ബോളില്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ജയത്തിനു അടിത്തറയിട്ടതും ഇതായിരുന്നു.
107 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറുമടക്കം 78 റണ്‍സെടുത്ത വില്ലി റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിടുകയായിരുന്നു. മിച്ചെല്‍ 67 ബോളില്‍ ആറു ഫോറും നാലു സിക്‌സുമടിച്ചു. 45 റണ്‍സെടുത്ത ഡെവന്‍ കോണ്‍വേയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. നേരത്തേ ഒമ്പതു വിക്കറ്റ് നഷ്ടത്തിലായിരുന്നു ബംഗ്ലാദേശ് 245 റണ്‍സിലെത്തിയത്. വെറ്റന്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ മുഷ്ഫിഖുര്‍ റഹീമിന്റെ (66) ഇന്നിങ്‌സാണ് ബംഗ്ലാദേശിനു ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്. 75 ബോളുകള്‍ നേരിട്ട മുഷ്ഫിഖുറിന്റെ ഇന്നിങ്‌സില്‍ ആറു ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. വാലറ്റത്ത് മഹമ്മുദുല്ലുള്ളയുടെയും (41*) ക്യാപ്റ്റന്‍ ഷാക്വിബുല്‍ ഹസന്റെയും (40) ഇന്നിങ്‌സുകള്‍ അവര്‍ക്കു കരുത്താവുകയും ചെയ്തു. മഹമ്മുദുള്ള 49 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടിച്ചപ്പോള്‍ ഷാക്വിബ് 51 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും നേടി.
ഞെട്ടലോടെയായിരുന്നു കളിയില്‍ ബംഗ്ലാദേശിന്റെ തുടക്കം. ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ ലിറ്റണ്‍ ദാസ് ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടിരുന്നു. സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനെതിരേ ആദ്യ ബോളില്‍ ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനു തുനിഞ്ഞ ലിറ്റണിനെ മാറ്റ് ഹെന്‍്രി പിടികൂടുകയായിരുന്നു. 56 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ ബംഗ്ലാദേശ് 13ാം ഓവറില്‍ നാലു വിക്കറ്റിനു 56 റണ്‍സിലേക്കു വീണു.