കേന്ദ്ര സായുധസേനാ പരീക്ഷ ഇനി മലയാളത്തിലെഴുതാം

0
74

കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്) കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളില്‍ നടത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. സേനയില്‍ പ്രാദേശിക യുവാക്കളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശിക ഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ആഭ്യന്തര മന്ത്രി അമിത് ഷായെടുത്ത ചരിത്രപരമായ തീരുമാനമാണെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കി.

ഹിന്ദിയും ഇംഗ്ലീഷും കൂടാതെ, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നിവ ഉള്‍പ്പെടുന്ന 13 പ്രാദേശിക ഭാഷകളിലും ചോദ്യപേപ്പര്‍ ലഭ്യമാക്കും. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി), സശാസ്ത്ര സീമ ബാല്‍ (എസ്എസ്ബി), നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) എന്നിവയാണ് സിഎപിഎഫില്‍ വരുന്നത്.

സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ എഴുത്തുപരീക്ഷയ്ക്ക് തമിഴ് ഉള്‍പ്പെടുത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഷായോട് അഭ്യര്‍ത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. സിആര്‍പിഎഫ് റിക്രൂട്ട്മെന്റ് എഴുത്തുപരീക്ഷയുടെ വിജ്ഞാപനത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പരീക്ഷ എഴുതാമെന്ന് മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നതെന്ന് സ്റ്റാലിന്‍ തന്റെ കത്തില്‍ ചൂണ്ടിക്കാട്ടി.

സ്വാഗതം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി

കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് പങ്കുവെച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സന്തോഷം പ്രകടിപ്പിക്കുകയും കേന്ദ്രത്തിന്റെ നീക്കത്തെ അഭിനന്ദിക്കുകയും ചെയ്തു. ”അമിത് ഷായ്ക്ക് ഞാന്‍ അയച്ച കത്തിന്റെ ഫലമായി, എല്ലാ സംസ്ഥാന ഭാഷകളിലും CAPF പരീക്ഷകള്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ തീരുമാനത്തെ ഞാന്‍ നിറഞ്ഞഹൃദയത്തോടെ സ്വാഗതം ചെയ്യുകയും എല്ലാ കേന്ദ്രസര്‍ക്കാര്‍ പരീക്ഷകളിലും തമിഴിലും മറ്റ് സംസ്ഥാന ഭാഷകളിലും ചോദ്യപേപ്പറുകള്‍ നല്‍കണമെന്ന ഞങ്ങളുടെ ആവശ്യം ആവര്‍ത്തിക്കുകയും ചെയ്യുന്നു,” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here