‘ഓപ്പറേഷന്‍ അജയ്’: 235 ഇന്ത്യക്കാരുമായി രണ്ടാം സംഘം തിരിച്ചെത്തി,

0
65

ഇസ്രായേലില്‍ നിന്ന് 212 ഇന്ത്യക്കാരെസുരക്ഷിതമായി ഒഴിപ്പിച്ചതിന് പിന്നാലെ രണ്ടാം വിമാനവും നാട്ടിലെത്തി. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 235 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം ഇന്ന് പുലര്‍ച്ചെയാണ് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തില്‍ ഇറങ്ങിയത്.  ‘ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായി കൂടുതൽ ഇന്ത്യക്കാരെ ഇസ്രയേലിൽ നിന്ന് മടക്കിക്കൊണ്ടുവരാൻ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസ്സി ശ്രമം നടത്തുകയാണ്.  ഒക്ടോബര്‍ 7 ന് ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമാക്കി ഹമാസ് തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടതോടെയാണ് ഇന്ത്യ രക്ഷാദൗത്യം ആരംഭിച്ചത്. ഇസ്രായേലില്‍ നിന്നുള്ള 211 ഇന്ത്യന്‍ പൗരന്മാരുമായി ആദ്യ ചാര്‍ട്ടര്‍ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയിരുന്നു. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ടാണ് വിമാനം പുറപ്പെട്ടത്.

എല്ലാ ഇന്ത്യക്കാര്‍ക്കും മിഷന്റെ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി സൗകര്യം ഒരുക്കിയിരുന്നു. ‘ആദ്യം വരുന്നവര്‍ക്ക് ആദ്യം’ എന്ന അടിസ്ഥാനത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്. ഇവരുടെ തിരിച്ചുവരവിന്റെ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. നഴ്‌സുമാര്‍, വിദ്യാര്‍ത്ഥികള്‍, ഐടി പ്രൊഫഷണലുകള്‍, വജ്ര വ്യാപാരികള്‍ എന്നിവരുള്‍പ്പെടെ 18,000 ഇന്ത്യന്‍ പൗരന്മാര്‍ ഇസ്രായേലിലെ വിവിധയിടങ്ങളില്‍ താമസിക്കുന്നുണ്ട്. ഗാസ മുനമ്പിലെ ആയുധധാരികളായ ഹമാസ് തീവ്രവാദികള്‍ ഇസ്രായേല്‍ സുരക്ഷാ വേലിയിലൂടെയാണ് രാജ്യത്തേക്ക് കടന്നത്. ഇതോടെ കര, ആകാശം, കടല്‍ മാര്‍ഗം ഹമാസ് സംഘങ്ങള്‍ ഇസ്രായേലിലേക്ക് ഒഴുകി. ഇതോടെയാണ് ഇന്ത്യന്‍ പൗരന്മാരുടെ ഒഴിപ്പിക്കല്‍ ആവശ്യമായി വന്നത്.

ഇതുവരെ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ ഇസ്രായേലില്‍ മാത്രം 1,300-ലധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 1,530-ലധികം പേരും കൊല്ലപ്പെട്ടു. ഏകദേശം 1500 ഹമാസ് തീവ്രവാദികള്‍ ഇസ്രായേലിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടതായി ഇസ്രായേലും അവകാശപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here