മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബര്‍ പത്തിന് ഉദ്ഘാടനം ചെയ്യുന്ന കൊച്ചി വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെര്‍മിനൽ (Business Jet Terminal) ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൗകര്യമാണ്. ടൂറിസം, ബിസിനസ് രംഗങ്ങളിൽ കൊച്ചി വിമാനത്താവളത്തിനൊപ്പം കേരളത്തിന്‍റെയും മുഖച്ഛായ മാറ്റാൻ പര്യാപ്‍തമായ സൗകര്യമായാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിനെ സിയാൽ പരിഗണിക്കുന്നത്.
40,000 ചതുരശ്രയടിയാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിന്‍റെ വിസ്‍തീര്‍ണം. അന്താരാഷ്ട്ര, ഡൊമസ്റ്റിക് ജെറ്റ് യാത്രികരെ സ്വാഗതം ചെയ്യാനാകുന്ന രീതിയിലാണ് നിര്‍മ്മാണം. ഇത് കൊച്ചി വിമാനത്താവളത്തെ അന്താരാഷ്ട്ര അതിഥികളുമായി കൂടുതൽ അടുപ്പിക്കും.നിലവിൽ ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളിൽ ബിസിനസ് ജെറ്റ് ടെര്‍മിനലുകള്‍ ഉണ്ടെങ്കിലും ഇത്രയും വിശാലവും നേരിട്ട് അതിഥികളിലേക്ക് തുറക്കുന്നതുമായ ടെര്‍മിനൽ ഇന്ത്യയിൽ ആദ്യമാണ്. ഇതാകട്ടെ താങ്ങാവുന്ന സര്‍വീസ് ഫീസിൽ പ്രവര്‍ത്തിക്കുന്നതുമാണ്. അതായത് സൗകര്യങ്ങള്‍ കൊണ്ട് ഇന്ത്യയിൽ ഒന്നാമതാണെങ്കിലും കുറഞ്ഞ നിരക്കിലൂടെ എളുപ്പം കൂടുതൽ അതിഥികളെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തെ ബിസിനസ് ജെറ്റ് ടെര്‍മിനലിന് കഴിയും.
ഈ സേവനം ഉപയോഗിക്കുന്ന യാത്രികര്‍ക്ക് കുറവുകള്‍ ഒന്നും തോന്നാതെ ഇരിക്കാന്‍ സുസജ്ജമാണ് ബിസിനസ് ജെറ്റ് ടെര്‍മിനൽ. സെക്യൂരിറ്റി ഒഴിവാക്കിയിട്ടുള്ള അതിഥികള്‍ക്ക് പ്രത്യേകം സേഫ് ഹൗസ് സംവിധാനം, അഞ്ച് വിപുലമായ ലൗഞ്ചുകള്‍, ഒരു ബിസിനസ് സെന്‍റര്‍, ഡ്യൂട്ടിഫ്രീ ഷോപ്, ഫോറിന്‍ എക്സ്ചേഞ്ച് കൗണ്ടര്‍, ഒരു ഹൈ എൻഡ് വീഡിയോ കോൺഫറൻസിങ് റൂം എന്നിവയാണ് മുന്തിയ സൗകര്യങ്ങളിൽപ്പെടുന്നത്.