റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനിക്ക് 2023-24 ലെ ‘സിറ്റിസൺ ഓഫ് മുംബൈ’ അവാർഡ്. റോട്ടറി ക്ലബ്ബ് ഓഫ് ബോംബെ ആണ് പുരസ്കാരം സമ്മാനിച്ചത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കായികം, കല, സാംസ്കാരികം എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസിന്റെ ഉടമ കൂടിയാണ് നിത അംബാനി. ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ സ്ഥാപക ചെയർപേഴ്‌സണും കുട്ടികൾക്കായുള്ള എജ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് ഫോർ ഓൾ സംരംഭത്തിന്റെ മേധാവിയുമാണ് നിത അംബാനി. പ്രൊഫഷണൽ അമേരിക്കൻ ടി 20 ലീഗായ മേജർ ലീഗ് ക്രിക്കറ്റിന്റെ (എംഎൽസി) ഉദ്ഘാടന മൽസരത്തിൽ കിരീടം ചൂടിയ ടീമായ എംഐ ന്യൂയോർക്കിന്റെ ഉടമ കൂടിയാണ് അവർ.
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയിൽ അംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ വനിതയും ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ബോർഡിന്റെ ഓണററി ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ സ്വദേശിയുമാണ് നിത അംബാനിയെന്ന് റിലയൻസ് ഫൗണ്ടേഷന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ വ്യക്തമാക്കുന്നു.
ഈ വർഷം ആദ്യമാണ് മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ആരംഭിച്ചത്. ഇന്ത്യൻ കലകളെയും സംസ്‌കാരത്തെയും മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ഇത്. കൾച്ചറൽ സെന്റർ തുറന്നതിന് നിത അംബാനിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിലൂടെ ഇന്ത്യൻ കലകളെയും സംസ്‌കാരത്തെയും ജനകീയമാക്കാനുള്ള അംബാനി കുടുംബത്തിന്റെ പരിശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളും ലോകവും തമ്മിലുള്ള സാമൂഹിക, സാംസ്കാരിക ഇടപെടലുകളെ ഈ കേന്ദ്രം പ്രോത്സാഹിപ്പിക്കുമെന്നും ഇന്ത്യൻ കലയും സംസ്കാരവും സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് പ്രാപ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ വഴി നിത അംബാനി രാജ്യത്തെ എല്ലാവർക്കും താങ്ങാനാകുന്ന വിധത്തിലുള്ള ചികിൽസയും ലഭ്യമാക്കുന്നുണ്ട്. നിത അംബാനിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ ജനങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമവും ഉയർന്ന ജീവിത നിലവാരവും ഉറപ്പാക്കുന്നതിന് പ്രവർത്തിക്കുന്ന സംഘടനയാണ്. രാജ്യത്തെ ചെറിയ പട്ടണങ്ങളിലും വിദൂര ഗ്രാമങ്ങളിലുമായി 70 ദശലക്ഷം ഇന്ത്യക്കാരിലേക്ക് തങ്ങളുടെ സേവനം എത്തിച്ചതായി നിത അംബാനി കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
2010 മുതൽ റിലയൻസ് ഫൗണ്ടേഷന്റെ എജ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് ഫോർ ഓൾ (ഇഎസ്‌എ) പ്രോഗ്രാമിലൂടെ കുട്ടികളുടെ സമഗ്രമായ വികസനത്തിനും അവരുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനും സ്വപ്നങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇഎസ്എ പ്രോഗ്രാമിന്റെ ഭാഗമായി, ഓരോ വർഷവും റിലയൻസ് ഫൗണ്ടേഷൻ ആയിരക്കണക്കിന് നിരാലംബരായ കുട്ടികൾക്ക് ഐപിഎൽ മത്സരം കാണുന്നതുൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.