മാലിന്യത്തിന്റെ പുനരുപയോഗ സാധ്യതകള്‍ പ്രചരിപ്പിക്കണം; മന്ത്രി എം.ബി രാജേഷ്

0
78

തിരുവനന്തപുരം: മാലിന്യത്തിന്റെ പുനരുപയോഗമെന്ന ആശയം പ്രചരിപ്പിക്കുന്നതിന് ശാസ്ത്രാവബോധമുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും മുന്‍കൈയെടുക്കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്.

കാര്‍ഷിക സര്‍വകാലാശാലയുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളുടെ ഉദ്ഘാടനം വെള്ളായണി കാര്‍ഷിക കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ‘വേസ്റ്റ് ടു വെല്‍ത്’ എന്നതാണ് പുതിയ സങ്കല്‍പമെന്നും പാഴ്‌വസ്തുക്കളുടെ പുനരുപയോഗവും പുനഃചംക്രമണവും എന്ന ആശയം ലോകത്താകമാനം നടപ്പാക്കി വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാലിന്യ സംസ്‌കാരണത്തിനുള്ള വീഡിയോ മേക്കിംഗ് മത്സരത്തിലും എന്‍എസ്‌എസ് യൂണിറ്റ് നടത്തിയ ക്വിസ് മത്സരത്തിലും വിജയികളായവര്‍ക്കുള്ള സമ്മാനവും മന്ത്രി വിതരണം ചെയ്തു.

കാര്‍ഷിക കോളേജുകളിലെ അജൈവ ഖര മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ശാശ്വത പരിഹാരമായി ആരംഭിച്ചതാണ് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍. തദ്ദേശസ്വയംഭരണവകുപ്പിന്റെ കീഴിലുള്ള ക്ലീന്‍ കേരളയാണ് എം സി എഫ് കെട്ടിടം നിര്‍മിക്കുന്നത്. വെള്ളായണി, വെള്ളാനിക്കര, പടന്നക്കാട് കാര്‍ഷിക കോളേജുകളിലാണ് ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സ്രോതസുകളില്‍ തന്നെ വേര്‍തിരിച്ച പ്ലാസ്റ്റിക,് പേപ്പര്‍, ഇ-മാലിന്യം എന്നിവ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കുകയും തുടര്‍ന്ന് ക്ലീന്‍ കേരള കമ്ബനി സംസ്‌കരണത്തിനായി ശേഖരിക്കുകയും ചെയ്യും.

കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചന്ദു കൃഷ്ണ അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്ബര്‍ ശ്രീജിന്‍, വെള്ളായണി കാര്‍ഷിക കോളേജിലെ ഡീന്‍ ഓഫ് ഫാക്കല്‍റ്റി ഡോ.റോയ് സ്റ്റീഫന്‍, കാര്‍ഷിക സര്‍വകലാശാല ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ ഡോ.എ പ്രേമ, ക്ലീന്‍ കേരള കമ്ബനി എം.ഡി ജി.കെ സുരേഷ് കുമാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here