ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് ദർശനത്തിന് ഊര്‍ജം പകര്‍ന്ന് വ്യോമസേനക്ക് (Indian Air Force) വേണ്ടി സി295 (C295) ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ രാജ്യത്ത് നിർമ്മിക്കാൻ ഒരുങ്ങുന്നു. യൂറോപ്യന്‍ വിമാന നിർമ്മാതാക്കളായ എയര്‍ബസും (Airbus) ഇന്ത്യൻ കമ്പനിയായ ടാറ്റയുമാണ് ഇതിനായി കൈകോർക്കുന്നത്. ഗുജറാത്തിലെ വഡോദരയിലാണ് നിർമ്മാണ പ്ലാന്റ് ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച (ഒക്ടോബർ 30) പ്ലാന്റിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കും. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെയാണ് ഗുജറാത്തിൽ ഇത്തരമൊരു പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
‘ഇതാദ്യമായാണ് സി-295 വിമാനം യൂറോപ്പിന് പുറത്ത് നിര്‍മ്മിക്കുന്നത്. ആഭ്യന്തര ബഹിരാകാശ മേഖലയ്ക്ക് ഇത് വളരെ പ്രധാന്യമർഹിക്കുന്നതാണ്’ പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍, എയര്‍ഫോഴ്സിന്റെ ആവ്‌റോ748 വിമാനങ്ങള്‍ക്ക് പകരമായി 56 സി295 വിമാനങ്ങള്‍ വാങ്ങുന്നതിനായി എയര്‍ബസ് ഡിഫന്‍സ് ആന്റ് സ്പേസുമായി 21,000 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ച് പ്രവര്‍ത്തനക്ഷമമായ 16 വിമാനങ്ങള്‍ കരാര്‍ ഒപ്പിട്ട് നാല് വര്‍ഷത്തിനുള്ളില്‍ സ്‌പെയിനില്‍ നിന്ന് രാജ്യത്ത് എത്തിക്കും. ഇതിന് പുറമെ, നാല്‍പത് വിമാനങ്ങള്‍ ടാറ്റാ – എയർബസ് കണ്‍സോര്‍ഷ്യം ഇന്ത്യയില്‍ നിര്‍മ്മിക്കും.