കൊച്ചി : ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊച്ചി സൈബർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ആലുവയിൽ നിന്നാണ് പ്രതി അക്വിബ് ഫനാൻ പിടിയിലായത്. ബി.ടെക് വിദ്യാർഥിയാണ് ഇയാൾ. ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാൾ സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചത്. പ്രൈവറ്റ് സന്ദേശം അയച്ചാൽ സിനിമയുടെ ലിങ്ക് അയച്ചുകൊടുക്കുമെന്നായിരുന്നു ഇയാൾ പോസ്റ്റ് ചെയ്തത്. സിനിമ തീയേറ്ററിൽ പോയി ഇയാൾ ചിത്രീകരിച്ചതല്ലെന്നും അയച്ചു കിട്ടിയ ലിങ്ക് ഇൻസ്റ്റാഗ്രാം റീച്ചിന് വേണ്ടി മറ്റാളുകളില്ലേക്ക് അയക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന് അറിയാൻ സാധിച്ചതെന്ന് സിറ്റി സൈബർ പോലീസ് വ്യക്തമാക്കുന്നു. ആരിൽ നിന്ന് സിനിമയുടെ ലിങ്ക് ലഭിച്ചുവെന്നും മറ്റുമുള്ള കൂടുതൽ വിവരങ്ങൾക്കായി ആക്വിബിനെ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന പരാതിയുമായി ചിത്രത്തിന്റെ നിർമാതാവ് ഷെരീഫ് മുഹമ്മദ് പോലീസിനെ സമീപിക്കുന്നത്. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും ഇദ്ദേഹം പോലീസിന് കൈമാറിയിരുന്നു.