ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 വിദേശമന്ത്രി ഉച്ചകോടി വ്യാഴാഴ്ച നടക്കും. പങ്കെടുക്കുന്ന വിദേശമന്ത്രിമാര്‍ ബുധനാഴ്ച എത്തിത്തുടങ്ങി.
വ്യാഴാഴ്ചയാണ് പ്രധാന ചര്‍ച്ചകള്‍ നടക്കുക. ജി20 അംഗരാജ്യങ്ങളിലെയും അധ്യക്ഷത വഹിക്കുന്ന ഇന്ത്യയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തുന്ന രാജ്യങ്ങളിലെയുമടക്കം 40 ഓളം വിദേശമന്ത്രിമാരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയുടെ കാര്യത്തില്‍ പൊതുധാരണയിലെത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെ, ഫലം മുന്‍ കൂട്ടി പറയാനാവില്ലെന്ന അഭിപ്രായവുമായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര. യുക്രെയ്ന്‍ പ്രതിസന്ധി ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്ന്‍ പ്രതിസന്ധിയുടെ പശ്ചത്തലത്തില്‍ റഷ്യ-ചൈന കൂട്ടുകെട്ട് ഒരുഭാഗത്തും യു.എസ്-പാശ്ചാത്യരാജ്യങ്ങള്‍ മറുഭാഗത്തും നിലയുറപ്പിക്കുന്നതിനാല്‍ ജി20 വിദേശമന്ത്രി ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവനയുടെ കാര്യത്തില്‍ പൊതുധാരണ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. അതേക്കുറിച്ച് ഒന്നും പറയാന്‍ തയാറാവാതിരുന്ന ക്വത്ര ആഗോള സാഹചര്യത്തില്‍ പ്രസക്തമായ എല്ലാ വിഷയങ്ങളും ചര്‍ച്ചക്ക് വരുമെന്ന് വ്യക്തമാക്കി.
‘യുക്രെയ്ന്‍ പ്രതിസന്ധിയുടെ നിലവിലെ സാഹചര്യം വെച്ച് തീര്‍ച്ചയായും അത് പ്രധാന ചര്‍ച്ചാവിഷയമാവും. എന്നാല്‍, ഉച്ചകോടിയുടെ ഫലം മുന്‍കൂട്ടി പറയാന്‍ എനിക്കാവില്ല’ -ക്വത്ര പറഞ്ഞു.
ബംഗളൂരുവില്‍ നടന്ന ജി20 ധനമന്ത്രിമാരുടെയുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തിലെ ധാരണപ്രകാരം തയാറാക്കിയ ജി20 ചെയേഴ്സ് സമ്മറി ആന്‍ഡ് ഡോക്യുമെന്റിലെ ചില കാര്യങ്ങള്‍ അംഗീകരിക്കാന്‍ റഷ്യയും ചൈനയും ഒരുക്കമല്ലാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവരാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.