കാര്‍ പാഞ്ഞുകയറി മരിച്ച ശ്രേഷ്ഠയുടെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയ ഉറ്റസുഹൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍

0
90

തിരുവനന്തപുരം: ഉറ്റസുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ആലംകോട് പുളിമൂട് പ്രസന്നാഭവനില്‍ പുഷ്പ്പരാജന്‍ പ്രമീള ദമ്ബതികളുടെ മകന്‍ അശ്വിന്‍ രാജ് (22) ആണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ ആത്മഹത്യ ചെയ്തത്.

അശ്വിന്‍ രാജിന്റെ ഉറ്റസുഹൃത്ത് ആറ്റിങ്ങല്‍ സ്വദേശി ശ്രേഷ്ഠ കഴിഞ്ഞ ദിവസം കല്ലമ്ബലത്ത് നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ ശ്രേഷ്ഠയുടെ മരണാന്തര ചടങ്ങ് നടത്തി. ചടങ്ങില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം അശ്വിന്‍ മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ അശ്വിനെ കാണപ്പെട്ടത്. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ശ്രേഷ്ഠയുടെ മരണത്തില്‍ അശ്വിന്‍ രാജ് മാനസികമായി വളരെ വിഷമത്തില്‍ ആയിരുന്നെന്നും സ്‌കൂള്‍ പഠന കാലം മുതലുള്ള സുഹൃത്തിന്റെ പെട്ടെന്നുള്ള വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ദേശീയ പാതയില്‍ ആറ്റിങ്ങല്‍ കല്ലമ്ബലം വെയിലൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറിയുള്ള അപകടത്തില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥിനിയുടെ നില ഗുരുതരമാണ്. ആല്‍ഫിയയെന്ന വിദ്യാര്‍ഥിനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബസ് സ്‌റ്റോപ്പില്‍ എത്തിയ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ബസിന് പിന്നില്‍ ഇടിക്കുകയും തുടര്‍ന്ന് ഇവിടെ നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here