പാക് അധീന കാശ്മീര്‍ (പിഒകെ) ഉടന്‍ ഇന്ത്യയില്‍ ലയിക്കുമെന്ന് കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി കെ സിങ്.
പാക് അധീന കാശ്മീര്‍ സ്വയം ഇന്ത്യയില്‍ ലയിക്കുമെന്ന് വി കെ സിങ് പറഞ്ഞു. അതിനായി അല്‍പസമയം കാത്തിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപിയുടെ പരിവര്‍ത്തന്‍ സങ്കല്‍പ് യാത്രക്കിടെ രാജസ്ഥാനിലെ ദൗസയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പാക് അധീന കാശ്മീര്‍ മേഖലയിലെ ഷിയ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ ഇന്ത്യയുടെ അതിര്‍ത്തി കടക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതേ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കുകയായിരുന്നു വി കെ സിങ്. ഇന്ത്യയുടെ അധ്യക്ഷതയില്‍ അടുത്തിടെ സമാപിച്ച ജി20 ഉച്ചകോടിയുടെ വിജയത്തെക്കുറിച്ചും കേന്ദ്രമന്ത്രി സംസാരിച്ചു.
ലോകവേദിയില്‍ ഇന്ത്യയ്ക്ക് പ്രത്യേക വ്യക്തിത്വം നല്‍കാന്‍ ജി20 ഉച്ചകോടിയുടെ വിജയം സഹായിച്ചെന്ന് വി കെ സിങ് പറഞ്ഞു. ‘മുമ്ബെങ്ങും കാണാത്ത തരത്തിലാണ് ജി20 ഉച്ചകോടി നടന്നത്. ഇന്ത്യക്കല്ലാതെ മറ്റൊരു രാജ്യത്തിനും ഇത്തരത്തില്‍ ഉച്ചകോടി നടത്താന്‍ സാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ കരുത്തുറ്റ രാജ്യങ്ങളടങ്ങുന്നതാണ് ജി20 ഗ്രൂപ്പ്’, വി കെ സിങ് പറഞ്ഞു.