ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് ആധിപത്യം നിലനിർത്തി മടങ്ങാമെന്ന രാജസ്ഥാൻ റോയൽസിന്റെ കണക്ക് കൂട്ടലുകൾ തെറ്റി. സൺ റൈസേഴ്‌സ് ഹൈദരാബാദാണ് ഇത്തവണ റോയൽസിനെ മലർത്തിയടിച്ചത്. അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തിൽ ഒരു റൺസിന് ആയിരുന്നു ആയിരുന്നു വിജയം. ഹൈദരാബാദിന് എതിരെ 202 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ റോയൽസ് തുടക്കത്തിൽ പതറിയെങ്കിലും വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല.
നായകൻ സഞ്ജു സാംസണും സൂപ്പർതാരം ജോസ് ബട്ട്ലറും സംപൂജ്യരായി മടങ്ങിയപ്പോൾ സ്‌കോർ ബോർഡിൽ ഒരു റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. ടൂർണമെന്റിലെ പല മത്സരങ്ങളും ചേസ് ചെയ്‌ത് ജയിപ്പിച്ച ഇരുവരുടെയും പുറത്താകൽ വലിയ തിരിച്ചടിയാണ് റോയൽസിന് നൽകിയത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ജയ്‌സ്വാളും റിയാൻ പരാഗും മത്സരത്തിന്റെ ഗതിമാറ്റി.
ഇരുവരും അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്. യശസ്വി ജയ്‌സ്വാൾ ആയിരുന്നു കൂടുതൽ അപകടകാരി. ജയ്‌സ്വാൾ 40 പന്തിൽ 67 റൺസാണ് നേടിയത്. മറുവശത്ത് പരാഗ് മത്സരം ബിൽഡ് ചെയ്തെടുത്താണ് ഇന്നിംഗ്‌സ് തുടങ്ങിയത്. എങ്കിലും സ്കോറിംഗ് വേഗത്തിലാക്കാൻ പരാഗിനും കഴിഞ്ഞു. ഒടുവിൽ അവസാന നിമിഷം റോവ്മാൻ പവലാണ് ടീമിനെ ജയത്തിലേക്ക് നയിച്ച ഫിനിഷർ റോൾ കൈകാര്യം ചെയ്യുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല.
അവസാന ഓവർ എറിഞ്ഞ ഭുവന്വേശ്വർ കുമാർ മികച്ച നിലയിൽ പന്തെറിഞ്ഞതോടെയാണ് ജയിക്കുമെന്ന് ഉറച്ച മത്സരം റോയൽസിന്റെ കൈവിട്ട് പോയത്. ഭുവനേശ്വർ കുമാർ മൂന്നും നടരാജനും കമ്മിൻസും രണ്ടും വീതം വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് 201 റൺസാണ് നേടിയത്. മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കമ്മിൻസിന്റെ തീരുമാനത്തെ സാധൂകരിക്കുന്ന രീതിയിലായിരുന്നു ഹൈദരാബാദിന്റെ ബാറ്റിങ്.