അമേഠിയിലേയും റായ്ബറേലിയിലേയും സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് കോണ്‍ഗ്രസ്. യുപിയിലെ ഏക സിറ്റിങ് സീറ്റും പാർട്ടിയുടെ ശക്തികേന്ദ്രവുമായ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കും. മുന്‍ സിറ്റിങ് സീറ്റായ അമേഠി തിരിച്ച് പിടിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ വീണ്ടും രംഗത്ത് ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അമേഠി ഒഴിവാക്കിയ രാഹുല്‍ ഗാന്ധി റായ്ബറേലി തിരഞ്ഞെടുക്കുകയായിരുന്നു.
കിഷോരിലാല്‍ ശർമ്മയെയാണ് അമേഠിയില്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. രാഹുലും കിഷോരി ലാല്‍ ശർമ്മയും ഇന്ന് പത്രിക സമർപ്പിക്കും. റായ്ബറേലിയിലെ സിറ്റിങ് എംപിയായിരുന്ന സോണിയ ഗാന്ധി അടുത്തെ ലോക്സഭ അംഗത്വം രാജിവെക്കുകയും രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മുതിർന്ന നേതാക്കള്‍ നിർബന്ധിച്ചെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടില്‍ പ്രിയങ്ക ഗാന്ധി ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതോടെയാണ് സിറ്റിങ് സീറ്റായ റായ്ബറേലിയിലേക്ക് രാഹുല്‍ ഗാന്ധിയെ പാർട്ടി നിശ്ചയിപ്പിച്ചത്.
അമേഠിയില്‍ കോൺഗ്രസ് രംഗത്ത് ഇറക്കിയിരിക്കുന്ന കിഷോരി ലാല്‍ ശർമ്മ ഗാന്ധി കുടുംബത്തിൻ്റെ ദീർഘകാല വിശ്വസ്തനാണ്. സ്മൃതി ഇറാനിയെ ഇറക്കിയായിരുന്നു രാഹുലിന്റെ കയ്യില്‍ നിന്നും 2019 ല്‍ ബി ജെ പി അമേഠി സീറ്റ് പിടിച്ചെടുത്തത്. ഇത്തവണയും സ്മൃതി ഇറാനിയാണ് അമേഠിയിലെ ബി ജെ പി സ്ഥാനാർത്ഥി. കോണ്‍ഗ്രസിനെ സംബന്ധിച്ച് അമേഠിയേക്കാള്‍ വിജയ സാധ്യത റായ്ബറേലിയിലാണ്.
അതുകൊണ്ട് തന്നെയാണ് രാഹുല്‍ അവിടേക്ക് മാറിയിരിക്കുന്നതും. മേയ് 20-ന് പോളിങ് നടക്കുന്ന റായ്ബറേലിയിലും അമേഠിയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിക്കും. റോഡ് ഷോയുടെ അകമ്പടിയോടെയായിരിക്കും രണ്ട് മണ്ഡലങ്ങളിലേയും കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ പത്രിക സമർപ്പിക്കുക. അമേഠിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെയും പ്രതിനിധിയായും പ്രവര്‍ത്തിച്ച വ്യക്തിയാണ് കിഷോരിലാല്‍ ശർമ്മ.