ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ യോഗാ ഗുരു എന്ന ബഹുമതിയ്ക്ക് ഇന്ത്യക്കാരിയായ ഏഴ് വയസ്സുകാരി അർഹയായി. ഏഴ് വയസ്സും 165 ദിവസ്സം പ്രായവുമുള്ള പ്രൺവി ഗുപ്ത എന്ന പെൺകുട്ടിയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ ഈ പുരസ്കാരത്തിന് അർഹയായത്. നന്നേ ചെറുപ്പം മുതൽ തന്നെ പ്രൺവിയ്ക്ക് യോഗയോട് താൽപ്പര്യമുണ്ടായിരുന്നു എന്നാണ് അവളുടെ മാതാപിതാക്കൾ പറയുന്നത്. ഈ താൽപ്പര്യം തിരിച്ചറിഞ്ഞ് പ്രൺവിയുടെ അമ്മയാണ് ആദ്യമായി പ്രൺവിയെ യോഗ അഭ്യസിപ്പിച്ചത്.
മൂന്നര വയസ്സ് പ്രായമുള്ളപ്പോൾ തന്നെ അമ്മയോടൊപ്പം പ്രൺവിയും യോഗ ചെയ്യുമായിരുന്നു. 200 മണിക്കൂർ യോഗാ പരിശീല കോഴ് പൂർത്തിയാക്കിയ പ്രൺവി ഗുപ്ത ഇപ്പോൾ യോഗ അലയൻ ഓർഗനൈസേഷന്‍റെ സെർറ്റിഫൈഡ് യോഗ ഇൻസ്ട്രക്ടറാണ്. യോഗയെ തന്‍റെ ജീവിതത്തിന്‍റെ ഭാഗമായി തന്നെ കാണുന്ന ഈ പെൺകുട്ടിയുടെ ആഗ്രഹവും കൂടുതൽ ആളുകൾ യോഗയെ കുറിച്ച് മനസ്സിലാക്കി തങ്ങളുടെ കൂടി ജീവിതത്തിന്‍റെ ഭാഗമാക്കണമെന്നാണ്. യോഗയ്ക്ക് ഒരാളുടെ വ്യക്തി ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് ഈ കൊച്ച് മിടുക്കി പറയുന്നത്.
സ്വന്തമായി ഒരു യൂട്യൂബ് ചാനലുള്ള പ്രൺവി തന്‍റെ ചാനലിലൂടെ എല്ലാവർക്കും യോഗാ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ യോഗാ പരിശീല ക്ലാസ്സുകൾ നൽകാറുണ്ട്. ലേണിംഗ് വിത്ത് പ്രൺവി എന്നാണ് ഈ യൂട്യൂബ് ചാനലിന്‍റെ പേര്. വനിതാ വിഭാഗത്തിലുള്ള ഏറ്റവും പ്രായം കുറഞ്ഞ യോഗാ അധ്യാപികയ്ക്കുള്ള പുരസ്കാരത്തിനാണ് പ്രൺവി ഇപ്പോൾ അർഹയായിരിക്കുന്നത്. സമാനമായ രീതിയിൽ പുരുഷ വിഭാഗത്തിലുള്ള ഏറ്റവും പ്രായം കുറഞ്ഞ യോഗാ അധ്യാപകനുള്ള പുരസ്കാരവും ഒരു ഇന്ത്യക്കാരനായ കുട്ടിയുടെ പേരിലാണ്. 9 വയസും 220 ദിവസവും പ്രായമുള്ള റെയാൻഷ് സുരാനി എന്ന കുട്ടിയുടെ പേരിലാണ് ഈ ബഹുമതി. 2021 ജൂണിലാണ് ഈ പുരസ്കാരത്തിന് റെയാൻഷ് സുരാനി അർഹനായത്.