കൊല്ലം: മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലത്തെത്തിയപ്പോഴായിരുന്നു രാഹുലിൻറെ സന്ദർശനം. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്.രാഹുൽ 45 മിനിറ്റോളം അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായി.
മൂന്നു ദിവസം നീണ്ടുനിന്ന കൊല്ലം ജില്ലയിലെ യാത്രയിൽ കശുവണ്ടി തൊഴിലാളികളോടും വിദ്യാർത്ഥികളോടും കരിമണൽ ഖനന തൊഴിലാളികളോടും രാഹുൽഗാന്ധി സംവദിച്ചു. 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യം നേരിടുന്നതെന്നു രാഹുൽ ഗാന്ധി പറഞ്ഞു.യുവജനങ്ങളുടെ ഭാവി ശക്തിപ്പെടുത്തുകയെന്നതും അവരിൽ ശുഭപ്രതീക്ഷ നിറയ്ക്കുകയെന്നതും കോൺഗ്രസിന്റെ ചുമതലയാണെന്നും രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.