സെപ്തംബർ 16 ന് രാജ്യത്തുടനീളം നടത്താനിരുന്ന ദേശീയ സിനിമാ ദിനം (National Cinema Day) സെപ്റ്റംബർ 23 ലേക്ക് മാറ്റി. ഈ മാസം മൂന്നാം തീയതി സിനിമാ പ്രേക്ഷകർക്ക് വളരെ കുറഞ്ഞ നിരക്കിൽ സിനിമകൾ കാണാൻ അവസരം നൽകിക്കൊണ്ട് അമേരിക്കയിൽ ദേശീയ സിനിമാദിനം ആചരിച്ചിരുന്നു. ഇതേത്തുടർന്നാണ് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും സമാനമായ രീതിയിൽ ഇന്ത്യയിൽ ദേശീയ സിനിമാദിനം പ്രഖ്യാപിച്ചത്. ഇത് സെപ്റ്റംബർ 16 ന് ആയിരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. മഹാമാരിയെ തുടർന്ന് മൾട്ടിപ്ലക്‌സുകൾക്ക് ബിസിനസ് തിരികെ ലഭിച്ചതിന് പ്രേക്ഷകരോടുള്ള നന്ദി സൂചകമായാണ് സിനിമാ ദിനം പ്രഖ്യാപിച്ചതെന്നും അറിയിച്ചിരുന്നു.
സിനിമാ ദിനത്തോടനുബന്ധിച്ച് പിവിആർ, ഐനോക്സ്, സിനിപോളിസ്, കാർണിവൽ, ഡിലൈറ്റ് എന്നിവയുൾപ്പെടെയുള്ള മൾട്ടിപ്ലക്‌സുകളിലെ 4,000 സ്‌ക്രീനുകളിൽ 75 രൂപയ്ക്ക് സിനിമാ ടിക്കറ്റുകൾ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഹരി ഉടമകളുടെ അഭ്യർത്ഥന മാനിച്ചാണ് പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സെപ്റ്റംബർ 23 ലേക്ക് ദേശീയ സിനിമാ ദിനം മാറ്റിവെച്ചതെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. 75 രൂപ നിരക്കിൽ തന്നെ പ്രേക്ഷകർക്ക് അന്നേ ദിവസം സിനിമ കാണാമെന്നും എംഎഐ അറിയിച്ചു.