തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ ആളുകളുടെ സേവനം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ. സംയോജിതമായ പ്രവർത്തനത്തിനുള്ള കർമപദ്ധതിയാണ് തയാറാക്കുന്നതെന്നും ആരോഗ്യവകുപ്പിലെ ജീവനക്കാർക്കു പുറമെ നാഷണൽ ഹെൽത്ത് മിഷനിലുൾപ്പെടെ കരാർ അടിസ്ഥാനത്തിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഇതിനായി നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിയമിക്കപ്പെടുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകും. അതിനുപുറമെ ഇൻസെന്റീവ് നൽകാനും ആലോചിച്ചിട്ടുണ്ട്. കോവിഡ് ബ്രിഗേഡിൽ ഉൾപ്പെടുന്ന എല്ലാ കരാർ ജീവനക്കാർക്കും പ്രത്യേക ആരോഗ്യ പരിരക്ഷ നൽകുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെടുത്ത വിദ്യാർത്ഥികൾക്ക് അനുമോദന സർട്ടിഫിക്കറ്റ് നൽകും. നിലവിൽ ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കു നൽകുന്ന പ്രതിഫലം വർധിപ്പിക്കും. കോവിഡ് ബ്രിഗേഡ് എന്ന നിലയിലുള്ള സംവിധാനമാണ് സിഎഫ്എൽടിസി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.