കല്യാണി: പശ്ചിമ ബംഗാളിലെ കല്യാണിയിൽ ഉപയോഗിച്ച പിപിഇ കിറ്റുകൾ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പിപിഇ കിറ്റുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇത് പ്രദേശവാസികളിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. പിപിഇ കിറ്റുകൾ കണ്ടെത്തിയ സംഭവം പരിശോധിച്ചു വരികയാണെന്ന് കല്യാണി മുനിസിപ്പാലിറ്റി ചെയർപേഴ്സണ് സുശീൽ കുമാർ പറഞ്ഞു.
ജവഹർലാൽ നെഹ്റു മെമ്മോറിയൽ ആശുപത്രിയിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർക്ക് രോഗം ഉണ്ടെന്ന് കണ്ടെത്തിയാൽ സമീപത്തെ എസ്എൻആർ ആശുപത്രിയിലേക്ക് മാറ്റും. ഈ രണ്ട് ആശുപത്രികൾക്കും ഇടയിലെ റോഡിലാണ് പിപിഇ കിറ്റുകൾ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പിപിഇ കിറ്റകൾ എങ്ങനെ ഇവിടെ വന്നുവെന്ന് അറിയില്ല. ആംബുലൻസ് ഡ്രൈവർമാർ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. നഗരത്തിൽ സുരക്ഷ ഉറപ്പുവരുത്താൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും സുശീൽ കുമാർ കൂട്ടിച്ചേർത്തു.