പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് എഴ് പേര്‍ക്ക് പരിക്ക്. പാടൂര്‍ വേലക്കിടെയാണ് കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞത്. എഴുന്നള്ളത്തിന് ആനപ്പന്തലില്‍ അണിനിരന്നതിനു പിന്നാലെയാണ് ആന മുന്നോട്ട് ഓടി പരിഭ്രാന്തി പരത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
പിന്നില്‍ നിന്ന ആന ചിഹ്നം വിളിച്ചതില്‍ പ്രകോപിതനായ രാമചന്ദ്രന്‍ ഇടയുകയായിരുന്നു. ആന പെട്ടന്ന് മുന്നോട്ട് ഓടിയതോടെ ജനങ്ങളും പരിഭ്രാന്തരായി ഓടി. ഒന്നാം പാപ്പാന്‍ ആനയുടെ മുന്നിലുണ്ടായിരുന്നു. ഓടുന്നതിനിടെ ഒന്നാം പാപ്പാന്‍ നെന്മാറ കരിമ്പാറ സ്വദേശി രാമന്(63) ആനക്കിടയില്‍പ്പെട്ട് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിഭ്രാന്തരായി ഓടുന്നതിനിടെ നിലത്ത് വീണാണ് മറ്റുളളവര്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.