സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ബജറ്റില്‍ മുന്‍തൂക്കം സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളാകുമെന്ന് സൂചന.
സര്‍ക്കാര്‍ സേവനങ്ങളില്‍ പലതിന്റെയും സര്‍വീസ് ചാര്‍ജുകളില്‍ വര്‍ധനവുണ്ടാകും. നിലവിലുള്ള ക്ഷേമ പദ്ധതികള്‍ തുടരും.
എന്നാല്‍ ക്ഷേമ പെന്‍ഷനുകളില്‍ ഉപ്പേടെ വര്‍ധനവ് ഉണ്ടാകില്ല. ഒന്നിലധികം പെന്‍ഷനുകള്‍ വാങ്ങുന്നത് ഒഴിവാക്കാനും, നികുതി പിരിവ് കാര്യക്ഷമമാക്കാനും നടപടികള്‍ ഉണ്ടാകും. ബജറ്റിന് മുന്നോടിയായി സാമ്ബത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വയ്ക്കും.
സിപിഐഎം നേതാക്കള്‍ക്ക് ലഹരി മാഫിയയുമായി ബന്ധം ഉണ്ടെന്ന ആരോപണങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിച്ചേക്കും. പൊലീസ് ഗുണ്ടാ ബന്ധവും ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുകയാണ് പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നത്. അതേസമയം ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനയത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് അവസാനിക്കും.
അതേസമയം കേന്ദ്ര ബജറ്റില്‍ കേരളം ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ബജറ്റ് താഴേത്തട്ടില്‍ ഗുണമുണ്ടാക്കുന്നതല്ല. തൊഴിലുറപ്പ് പദ്ധതിക്കും ഭക്ഷ്യ സുരക്ഷാ പദ്ധതിക്കും ഉള്‍പ്പെടെ വിഹിതം കുറച്ചു. സഹകരണ മേഖലയിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നുകയറുന്നു. എയിംസിനെ കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല. എയിംസ് കേരളത്തിന് കിട്ടാന്‍ ഏറ്റവും അര്‍ഹതയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ മേഖലയിലും കേരളത്തിന് പരിഗണന കിട്ടിയില്ലെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
പ്ലാന്റേഷന്‍ മേഖലയ്‌ക്ക് പ്രത്യേകം പദ്ധതി ആവശ്യപ്പെട്ടതും പരിഗണിച്ചില്ല. പല പ്രധാന പദ്ധതികളുടെയും തുക കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതത്തിലും കേരളത്തോട് അവഗണനയെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലേക്കും കടന്നുകയറാനുള്ള ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.