ലീഗ് വണ്ണില്‍ പി.എസ്.ജിക്ക് ഉജ്വല ജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഗോള്‍ നേടിയ മത്സരത്തില്‍ മോണ്ട്പെല്ലിയറിനെ 3-1നാണ് കീഴടക്കിയത്.
കിലിയന്‍ എംബാപ്പെ രണ്ട് തവണ പെനാല്‍റ്റി കിക്കുകള്‍ നഷ്ടമാക്കുകയും പരിക്കേറ്റ് മടങ്ങുകയും ചെയ്ത മത്സരത്തില്‍ 72ാം മിനിറ്റിലാണ് മെസ്സി എതിര്‍വല കുലുക്കിയത്. ഫാബിയന്‍ റൂസ് നല്‍കിയ മനോഹര പാസാണ് ഗോളിലേക്ക് വഴിതുറന്നത്. ഇതോടെ ലീഗില്‍ താരത്തിന്റെ ഗോള്‍ സമ്ബാദ്യം ഒമ്ബതായി. 14 ഗോളുമായി റെയിംസിന്റെ ഫൊലാറിന്‍ ബലോഗണ്‍ ആണ് ഒന്നാമത്. 13 ഗോളുമായി കിലിയന്‍ എംബാപ്പെ തൊട്ടു പിറകിലുണ്ട്.
55ാം മിനിറ്റില്‍ ഫാബിയന്‍ റൂയിസിലൂടെയാണ് പി.എസ്.ജി മുന്നിലെത്തിയത്. പിന്നാലെ ലയണല്‍ മെസ്സിയും ഗോളടിച്ചതോടെ ലീഡ് ഇരട്ടിയായി. എന്നാല്‍, 89ാം മിനിറ്റില്‍ ആര്‍നൗഡ് നോര്‍ഡിന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ 16കാരന്‍ വാറന്‍ സയര്‍ എമരിയിലൂടെ പി.എസ്.ജി പട്ടിക തികച്ചു. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജിക്ക് ഇതോടെ 21 കളിയില്‍ 51 പോയന്റായി.
മത്സരത്തിന്റെ തുടക്കത്തില്‍ പി.എസ്.ജിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്കെടുക്കാന്‍ എത്തിയത് എംബാപ്പെ ആയിരുന്നു. കിക്ക് എതിര്‍ ഗോള്‍കീപ്പര്‍ ബെഞ്ചമിന്‍ ലെകോംറ്റെ തടഞ്ഞിട്ടെങ്കിലും കിക്കെടുക്കുന്നതിന് മുമ്ബ് അദ്ദേഹം മുന്നോട്ടു നീങ്ങിയതിനാല്‍ വാര്‍ പരിശോധനക്ക് ശേഷം റഫറി വീണ്ടും കിക്കെടുക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, രണ്ടാമത്തെ കിക്ക് പോസ്റ്റില്‍ തട്ടി എംബാപ്പെയുടെ തന്നെ കാലില്‍ എത്തിയെങ്കിലും ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 21ാം മിനിറ്റില്‍ താരം പരിക്കേറ്റ് മടങ്ങുകയും ചെയ്തു. എംബാപ്പെയുടെ പരിക്ക് രണ്ടാഴ്ചക്കകം ചാമ്ബ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടാനൊരുങ്ങുന്ന പി.എസ്.ജിക്ക് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്.