ന്യൂഡല്‍ഹി : രാജ്യത്തെ പതിനെട്ട് ശതമാനം പേര്‍ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചു. അന്‍പത്തെട്ട് ശതമാനം പേര്‍ വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചതായും കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
കഴിഞ്ഞ നാലുമാസത്തെ ദേശീയ കോവിഡ് വാക്സിനേഷന്‍ ഡ്രൈവ് രേഖകളാണ് മന്ത്രാലയം പുറത്തുവിട്ടത്. അതേസമയം കോവിഡ് വാക്സിനേഷന്‍ എടുക്കുന്നതിലൂടെ ഗുരുതര കോവിഡ് ബാധയും മരണവും നൂറുശതമാനത്തിനോടടുത്ത് കുറയുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.
ഏപ്രില്‍ 18 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കാലയളവില്‍ ആദ്യ ഡോസ് വാക്സിനേഷന്‍ സംബന്ധിച്ച് പുറത്തുവന്ന കണക്കനുസരിച്ച്, ഗുരുതര കൊവിഡില്‍ നിന്നും, മരണത്തില്‍ നിന്നും തൊണ്ണൂറ്റിയാറുശതമാനം കോവിഡ് പ്രതിരോധശേഷി ലഭിച്ചതായാണ് കണ്ടെത്തിയത്.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരില്‍ തൊണ്ണൂറ്റിയേഴ് ശതമാനവും കോവിഡ് മരണത്തെയും ഗുരുതരരോഗബാധയേയും ഫലപ്രദമായി പ്രതിരോധിക്കുന്നതായും ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. തൊണ്ണൂറ്റിയഞ്ച് ശതമാനം പേര്‍ക്കും വാക്സിന്‍ എടുത്ത ശേഷം ഇത്തരം പ്രതിരോധം ലഭിച്ചതായി ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാണിക്കുന്നു.
എല്ലാപ്രായത്തിലുള്ളവര്‍ക്കും, വാക്സിനേഷന്‍ ഗുരുതരകൊവിഡില്‍ നിന്നും മരണത്തില്‍ നിന്നും ഒരു പരിധിവരെ പ്രതിരോധം തീര്‍ക്കാന്‍ പര്യാപ്തമാണ്. വാക്സിന് ശേഷവും രോഗം പിടിപ്പെട്ടവരുടെ കണക്കുകള്‍ ഐസിഎംആര്‍ ശേഖരിച്ചുവരുന്നതായും ഭാര്‍ഗവ വ്യക്തമാക്കി.
എന്നാല്‍ വാക്സിനുകള്‍ രോഗങ്ങളെ വലിയൊരളവില്‍ പ്രതിരോധിക്കുന്നവയാണ്. അല്ലാതെ രോഗത്തെ പൂര്‍ണ്ണമായി പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്നും ഭാര്‍ഗവ സൂചിപ്പിച്ചു. അതുകൊണ്ട് തന്നെ മാസ്‌ക്കുകളും കോവിഡ് നിയമങ്ങളും പാലിക്കാന്‍ വാക്സിന്‍ സ്വീകരിച്ചാലും, എല്ലാവരും നിര്‍ബന്ധിതരാവണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.