തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായും, തയ്യാറെടുപ്പുകൾ നടത്താൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സർക്കാർ പ്രഖ്യാപനം വരുന്നതിനനുസരിച്ചു തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഭയപ്പെടേണ്ട സാഹചര്യത്തിലേക്ക് എത്തിയ സാഹചര്യത്തിൽ സ്കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ചർച്ചകൾ തുടർന്നു വരികയാണെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
കഴിഞ്ഞ ദിവസം ഒക്ടോബർ നാലിന് കോളേജുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അവസാന വർഷ ബിരുദ, ബിരുദാനന്തര ക്ലാസ്സുകളാണ് തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്നത്. അതിനു പിന്നാലെയാണ് സർക്കാർ സ്കൂളുകൾ തുറക്കാനുള്ള നടപടികളിലേക്കും കടക്കുന്നത്.
അതേസമയം, പ്ലസ് വൺ പരീക്ഷ ഓഫ്‌ലൈനായി നടത്താൻ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പരീക്ഷ ഓൺലൈനായി നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. കമ്പ്യൂട്ടറും ഇന്റർനെറ്റ് സംവിധാനങ്ങളും ഇല്ലാത്ത കുട്ടികളുണ്ടെന്നും ഓൺലൈനായി പരീക്ഷ നടത്തിയാൽ അവർക്ക് അവസരം നഷ്ടമാകുമെന്നും, മോഡൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്ലസ് വൺ മൂല്യനിർണയം നടത്താൻ കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചു.