ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏഴുമാസം മാത്രം ബാക്കിനില്‍ക്കേ, ഡല്‍ഹിയിലും ബംഗളൂരുവിലുമായി ചൊവ്വാഴ്ച ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തിപ്രകടനം.
ബി.ജെ.പിക്കെതിരെ പൊതുതന്ത്രം രൂപപ്പെടുത്താൻ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ബംഗളൂരുവില്‍ വിളിച്ച രണ്ടു ദിവസത്തെ യോഗത്തിന് ബദലായി എല്ലാ ചങ്ങാത്ത കക്ഷികളെയും ബി.ജെ.പി ചൊവ്വാഴ്ച തിരക്കിട്ട് ഡല്‍ഹിക്ക് വിളിച്ചു. 38 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് പ്രഖ്യാപനം.
ലോക്സഭയില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ള പാര്‍ട്ടിയെന്ന നിലക്ക് സഖ്യകക്ഷികളെ വര്‍ഷങ്ങളായി തഴഞ്ഞിട്ട ബി.ജെ.പിയാണ് പ്രതിപക്ഷ ഐക്യസമ്മേളനത്തിന്‍റെ അതേ ദിവസം തന്നെ ഡല്‍ഹിയില്‍ പ്രത്യേക യോഗം വിളിച്ചത്. ബി.ജെ.പിയൊഴിച്ച് ശക്തരായ പാര്‍ട്ടികള്‍ ഇക്കൂട്ടത്തില്‍ വിരളം. പ്രതിപക്ഷം വിളിച്ച യോഗത്തിന് എത്തുന്നത് കോണ്‍ഗ്രസും പ്രാദേശിക തലത്തില്‍ കരുത്തരായ പാര്‍ട്ടികളുമാണ്. അതേസമയം, ശക്തമായ ഐക്യം ഇനിയും രൂപപ്പെട്ടിട്ടില്ല.
പട്നയില്‍ നടന്ന ആദ്യ യോഗത്തിനു പിന്നാലെ, ബി.ജെ.പിവിരുദ്ധ ചേരിയുടെ കര്‍മപരിപാടി രൂപപ്പെടുത്താനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബംഗളൂരുവില്‍ ചേരുന്നത്. കോണ്‍ഗ്രസ്, സി.പി.എം, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, സമാജ്വാദി പാര്‍ട്ടി, ശിവസേന, ജനതദള്‍-യു, ആര്‍.ജെ.ഡി എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ സ്വന്തം വോട്ടുബാങ്കും കരുത്തും തെളിയിക്കാൻ കഴിയുന്ന പാര്‍ട്ടികളുടെ നായക നേതാക്കളാണ് അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ബി.ജെ.പിയെ തോല്പിക്കുകയെന്ന പൊതുലക്ഷ്യത്തിനായി ഒരു വേദിയില്‍ വന്നത്.
ഡല്‍ഹിയില്‍ ഭരണപക്ഷവും ബംഗളൂരുവില്‍ പ്രതിപക്ഷവും സമ്മേളിക്കുമ്ബോള്‍, രണ്ടിലും പെടാതെ ബാക്കിയായ കക്ഷികള്‍ അധികമില്ല.
തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്ബോള്‍ നാല് പ്രധാന പ്രശ്നങ്ങള്‍ ബി.ജെ.പിക്ക് മുന്നിലുണ്ട്. യു.പി, ഗുജറാത്ത് തുടങ്ങിയ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ വളര്‍ച്ച മുറ്റി. തമിഴ്നാടും കേരളവും പോലെ ഇത്ര കാലമായിട്ടും വേരുറക്കാത്ത സംസ്ഥാനങ്ങളിലെ കരുനീക്കങ്ങള്‍ ഫലിക്കുന്നില്ല. ബിഹാര്‍, ഹരിയാന, വടക്കു കിഴക്കൻ സംസ്ഥാനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശക്തിക്ഷയം. ഭരണവിരുദ്ധ വികാരം ശക്തിപ്പെട്ട വിഷയം പുറമെ. ഇതിനെല്ലാമിടയിലാണ് ഒപ്പമുള്ളവര്‍ കൈവിട്ടുപോകാതെയുള്ള ചേര്‍ത്തുനിര്‍ത്തല്‍ ശ്രമം.