കൊച്ചി: ഒരിടവേളയക്ക് ശേഷം കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് എന്നാരംഭിക്കുമെന്ന ചർച്ചകൾ സജീവമാകുന്നു. കഴിഞ്ഞവർഷം എറണാകുളം – ബെംഗളൂരു സ്പെഷ്യൽ സർവീസാണ് ഉണ്ടായിരുന്നതെങ്കിൽ, ഇത്തവണ തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത് സർവീസ് യാഥാർഥ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബെംഗളൂരു ഡിവിഷനിലെ സ്റ്റേഷൻ നവീകരണം അവസാനിക്കുന്നതോടെ പുതിയ വന്ദേ ഭാരത സർവീസ് ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കാമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്കാണ് അധികൃതർ വാക്ക് നൽകിയത്. ഇത് യാഥാർഥ്യമായാൽ കേരളത്തിൽ ഏഴ് സ്റ്റോപ്പുകളുമായാകും ട്രെയിൻ ഓടുക. ഇക്കാര്യത്തിൽ റെയിൽവേയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചചെയ്യാൻ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് മൂന്നാം വന്ദേ ഭാരതിനെക്കുറിച്ച് റെയിൽവേ അധികൃതർ എംപിയോട് സംസാരിച്ചത്. ബെംഗളൂരു ഡിവിഷനിലെ സ്റ്റേഷൻ നവീകരണം പൂർത്തിയാകുന്നതോടെ തിരുവനന്തപുരം – ബാംഗ്ലൂർ സെക്ടറിൽ പുതിയ വന്ദേ ഭാരതിനുള്ള സാധ്യത പരിശോധിക്കാമെന്നാണ് അധികൃതർ പറഞ്ഞിരിക്കുന്നത്. നേരത്തെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത് യാഥാർഥ്യമാകുമെന്ന് വാക്ക് നൽകിയിരുന്നു
കഴിഞ്ഞവർഷം ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലായിരുന്നു എറണാകുളം – ബെംഗളൂരു വന്ദേ ഭാരതിൻ്റെ സർവീസ്. ഓഗസ്റ്റ് 25ന് ശേഷം സർവീസ് നീട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എറണാകുളത്തുനിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും ബെംഗളൂരുവിൽനിന്ന് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമായി ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു ഈ ട്രെയിൻ സർവീസ് നടത്തിയത്. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസിന് മികച്ച പ്രതികരണം ഉണ്ടായിട്ടും സർവീസ് ദീർഘിപ്പിക്കാൻ റെയിൽവേ തയ്യാറായില്ല.
എറണാകുളം – ബെംഗളൂരു വന്ദേ ഭാരതിന് തിരിച്ചടിയായത് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സമയമായിരുന്നു. എറണാകുളത്ത് നിന്ന് ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിലാക്കായിരുന്നു വന്ദേ ഭാരതിൻ്റെ സർവീസ്. രാവിലെ 05:30നായിരുന്നു ഈ ട്രെയിൻ ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടിരുന്നത്. യാത്രക്കാർക്ക് രാവിലെ ഇവിടെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് സർവീസിനെ ബാധിച്ചിരുന്നു. യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്പെടുന്ന വിധത്തിൽ രാവിലെ 06:30ന് പുറപ്പെടുന്ന വിധത്തിൽ സമയം പുനഃക്രമീകരിക്കാൻ ദക്ഷിണ റെയിൽവേ നിർദേശിച്ചിരുന്നു.
നിലവിലെ സാഹര്യത്തിൽ ബെംഗളൂരു – തിരുവനന്തപുരം വന്ദേ ഭാരത് സർവീസ് തുടങ്ങുമ്പോൾ ലഭിക്കാൻ സാധ്യതയുള്ള സ്റ്റോപ്പുകൾ ഇവയാണ്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം ജങ്ഷൻ, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, പാലക്കാട് എന്നിവ. നേരത്തെ എറണാകുളം – ബെംഗളൂരു സ്പെഷ്യൽ വന്ദേ ഭാരതിന് പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേർട്ട് എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടായിരുന്നു. ഇതും ഈ സർവീസിന് ലഭിക്കുമോയെന്ന് കാത്തിരുന്ന് അറിയണം.