കേരളത്തിലെത്തിയത് 14 അംഗ കുറുവ സംഘം, കണ്ടെത്താൻ ഇനി ഡ്രോണും.

0
41

കൊച്ചി: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണ കേസിൽ അറസ്റ്റിലായ കുറുവാ സംഘത്തിൽപ്പെട്ട സന്തോഷ്‌ സെൽവത്തിനായി ഇന്ന് അന്വേഷണസംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. മണ്ണഞ്ചേരിയിൽ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡി വൈ എസ് പി മധു ബാബുവാണ് വ്യക്തമാക്കിയത്. പ്രതിയായ സന്തോഷ് സെൽവത്തിന്‍റെ നെഞ്ചിൽ പച്ച കുത്തിയതാണ് തിരിച്ചറിയാൻ നിർണായക തെളിവായതെന്നും അദ്ദേഹം വിവരിച്ചിരുന്നു.

അതേസമയം എറണാകുളം കുണ്ടന്നൂരിൽ നിന്നും സന്തോഷിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് ഇതുവരെ പ്രതി ചേർത്തിട്ടില്ല. ഇയാൾക്ക് കുറുവാ സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്. കുറുവാ സംഘത്തിൽപ്പെട്ട 14 പേരാണ് കേരളത്തിലെത്തിയതെന്നും കേരളത്തിലെ മോഷണത്തിന് പിന്നിലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ നിന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കേരളത്തിൽ എട്ടു കേസുകൾ അടക്കം മുപ്പതോളം കേസുകളിൽ പ്രതിയാണ് സന്തോഷ്. ആലപ്പുഴ ഡി വൈ എസ് പി എംആർ മധു ബാബുവിന്റെ നേതൃത്വത്തിൽ 7 അംഗ സ്പെഷ്യൽ സ്ക്വാഡ് ആണ് കുറുവ മോഷണക്കേസ് അന്വേഷിക്കുന്നത്.

അതിനിടെ എറണാകുളം പറവൂരിലെ മോഷണ ശ്രമങ്ങൾക്ക് പിന്നിലും കുറുവാ സംഘം തന്നെയാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വടക്കൻ പറവൂരുലെയും ചേന്ദമംഗലത്തെയും ഏഴ് വീടുകളിലാണ് ഇതുവരെ മോഷണ ശ്രമമുണ്ടായത്. മോഷ്ടാക്കളുടെ കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജില്ലാ റൂറൽ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. രാത്രികാല പെട്രോളിംങിന് പുറമെ ഇന്നു മുതൽ ഡ്രോണ്‍ ഉപയോഗിച്ചുളള പരിശോധനയും നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here