കണ്ണൂർ: എന്നാലും എന്റെ വിദ്യേ എന്ന ഫേസ്ബുക്ക് പോസ്റ്റിലുള്ള പ്രതികരണതിൽ ഉറച്ചു നിൽക്കുന്നുവെന്ന് പികെ ശ്രീമതി ടീച്ചർ. എന്നാലും എന്റെ വിദ്യേ നീ ഇത്തരത്തിലുള്ള കുടുക്കിൽ പെട്ടല്ലോ എന്നാണ് ഉദ്ദേശിച്ചത്. വ്യാജ രേഖ ആര് ഉണ്ടാക്കിയാലും തെറ്റാണെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.
ആലപ്പുഴ മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ സാഹിത്യ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയാണ്. ആ കുട്ടി ഉന്നത വിജയം നേടണം എന്ന് ആഗ്രഹിച്ചിരുന്നു. ആ കുട്ടി ഇങ്ങനെ ചെയ്തു എന്ന് കേട്ടപ്പോൾ ഉള്ള പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ ഇട്ടത്. അത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്നാലും എന്റെ വിദ്യേ എന്നത് മനസ്സിൽ നിന്നുണ്ടായ പ്രതികരണമാണ്. അതിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നതെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.
ഇന്നലെയാണ് ‘എന്നാലും എന്റെ വിദ്യേ…’ എന്ന് പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്. വ്യാജരേഖാ കേസ് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോഴായിരുന്നു ശ്രീമതി ടീച്ചറുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് വലിയ രീതിയിൽ ചര്‍ച്ചയാവുകയായിരുന്നു. പാലക്കാട് അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ താത്കാലിക അധ്യാപിക നിയമനത്തിനായി വ്യാജ രേഖയുണ്ടാക്കിയ സംഭവത്തിൽ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. കേസിൽ അന്വേഷണം നടന്നുവരികയാണ്.