എറണാകുളം ജില്ലയില്‍ ജൂണ്‍ മാസം ഇതുവരെ 143 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 660 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടുകയും ചെയ്തു. ഇതില്‍ പകുതിയിലധികം പേരും കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാരാണ്.ജില്ലയില്‍ ജൂണ്‍ മാസം റിപ്പോര്‍ട്ട് ചെയ്ത രണ്ട് മരണങ്ങളും കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെയാണ്. നഗരസഭ പരിധിയില്‍ ഈഡിസ്, ക്യൂലക്‌സ് കൊതുകുകള്‍ പെരുകുന്നതായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയിലും കണ്ടെത്തിയിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ നഗരസഭയില്‍ കൊതുകു നിര്‍മാര്‍ജന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമല്ലെന്നാണ് ഉയരുന്ന ആക്ഷേപം. കൊച്ചി കോര്‍പ്പറേഷനിലെ കൊതുക് നിര്‍മാര്‍ജന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചതായാണ് വിവരാവകാശ രേഖകളിലുമുള്ളത്. നിലവില്‍ പുതിയ സ്‌ക്വാഡ് രൂപീകരിച്ചിട്ടുമില്ല.