റഫാൽ കരാറിൽ നിബന്ധനകൾ പാലിച്ചിട്ടില്ല : വിമർശിച്ച് സി.എ ജി

0
108

ന്യൂഡല്‍ഹി​ : ഓഫ്സെറ്റ് കരാറുകള്‍ സംബന്ധിച്ച്‌ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നയങ്ങളെ വിമര്‍ശിച്ച്‌ കണ്‍ട്രോള്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി). ഫ്രാന്‍സിലെ ഡാസോ ഏവിയേഷനില്‍നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ ഓഫ്സെറ്റ് കരാര്‍ നിലവിലുണ്ട്. ഓഫ്സെറ്റ് കരാര്‍പ്രകാരം ചെയ്യേണ്ട യാതൊന്നും ഡാസോ ഇതുവരെ ചെയ്തിട്ടില്ലെന്ന് ബുധനാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഫ്‌സെറ്റ് നയമനുസരിച്ച്‌, വിദേശ സ്ഥാപനങ്ങളുമായുള്ള കരാറില്‍ ഇടപാട് തുകയുടെ ഒരു നിശ്ചിത ശതമാനം വിദേശ നിക്ഷേപം (എഫ്ഡിഐ) ആയി രാജ്യത്തിന് കൈമാറേണ്ടതുണ്ട്. സാങ്കേതിക കൈമാറ്റം, സാമഗ്രികളുടെ പ്രാദേശിക നിര്‍മാണം തുടങ്ങിയവും നടത്തേണ്ടതുണ്ട്.300 കോടിക്കു മുകളിലുള്ള എല്ലാ കരാറിനും ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്. 2016ല്‍ 59,000 കോടി രൂപയ്ക്കാണ് ഇന്ത്യ ഫ്രാന്‍സുമായി റഫാന്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് കരാര്‍ ഒപ്പിട്ടത്.

കരാറിന്റെ ഭാഗമായുളള ഉയര്‍ന്ന സാങ്കേതികവിദ്യ ഇന്ത്യയുടെ സൈനിക സാങ്കേതിക വിദ്യാ വികാസത്തിന്റെ ചുമതലയുളള ഗവേഷണ സ്ഥാപനമായ ഡിഫന്‍സ് സിസര്‍ച്ച്‌ ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷന് (ഡി ആര്‍ ഡി ഒ) നല്‍കാമെന്ന് 2015-ല്‍ ദസാള്‍ട്ട് ഏവിയേഷനും എം ബി ഡി എ യും സമ്മതിച്ചിരുന്നു. എന്നാല്‍ ഈ നി​ബന്ധന ഇതുവരെയും പാലി​ച്ചി​ട്ടി​ല്ല.

വിദേശത്തുനി​ന്ന് യുദ്ധസാമഗ്രികള്‍ വാങ്ങുമ്ബോള്‍ ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ കൈമാറാന്‍ ആരും തയ്യാറാവുന്നില്ലെന്ന് സി.എ.ജി. പറഞ്ഞു. ‌ഇന്ത്യയുടെ ഓഫ്‌സെറ്റ് നയം ഫലപ്രദമല്ലെന്നും സി എ ജി വ്യക്തമാക്കുന്നുണ്ട്.ഇക്കഴി​ഞ്ഞ ജൂലായി​ലാണ് റഫേല്‍ വിമാനങ്ങളുടെ ആദ്യബാച്ച്‌ ഇന്ത്യയിലെത്തിയത്. അവ ഇപ്പോള്‍ വ്യോമസേനയുടെ ഭാഗമാണ്

LEAVE A REPLY

Please enter your comment!
Please enter your name here