ഓരോ ബജറ്റും ആശങ്കയോടെയാണ് നമ്മളും നോക്കിക്കാണുന്നത്. നിത്യോപയോഗത്തിലുള്ള ഏതേതിനത്തിനാണ് ഓരോ തവണയും വില കൂടിയത്, കുറഞ്ഞത് എന്നതിനെ അടിസ്ഥാനപ്പെടുത്തി വേണം പിന്നീടുള്ള വീട്ട് ചെലവുകള്‍ ശ്രദ്ധിക്കാന്‍. ഇല്ലെങ്കില്‍ ചെലവുകള്‍ താളം തെറ്റുമെന്നത് തന്നെ. ടാക്സുകള്‍ ഒഴിവാക്കാനും കൂടുതല്‍ പണം സൂക്ഷിച്ച് വയ്ക്കുന്നതിനുമായി പലരും പല വഴികളാണ് തേടുന്നത്. ഇത്തരത്തില്‍ ഉയര്‍ന്നുവരുന്ന നികുതി ഭാരം ഒഴിവാക്കാനായി ബ്രിട്ടനിലെ ന്യൂനേട്ടൺ, വാർവിക്ഷയർ സ്വദേശിനിയായ 34 കാരി എലിസബത്ത് എർലെ ഒരു പുതു ജീവിത രീതി തെരഞ്ഞെടുത്തു. നദിയില്‍ ജീവിക്കുക. അങ്ങനെ കരയില്‍ ജീവിക്കുന്നതിന്‍റെ ചെലവുകള്‍ ഒഴിവാക്കുക!
ചെലവ് ചുരുക്കാനായി 100 വര്‍ഷം പഴക്കമുള്ള ബോട്ടിലേക്കാണ് എലിസബത്ത് എർലെ താമസം മാറ്റിയത്. ഇപ്പോള്‍ താന്‍ പ്രതിവർഷം 7,500 പൗണ്ട് (ഏഴര ലക്ഷത്തോളം രൂപ) ലാഭിക്കുന്നുവെന്നും എന്നത്തേക്കാളും താന്‍ സന്തോഷവതിയാണെന്നും എലിസബത്ത് എർലെ പറയുന്നു. കരയിലെ വീട്ടില്‍ നിന്ന് ജീവിതം നദിയിലെ ബോട്ടിലേക്ക് മാറ്റിയതതോടെ വാടക അടക്കമുള്ള അധിക ചെലവുകള്‍ ലാഭിക്കാനായി. തന്‍റെ ബോട്ട് ജീവിതം ഒരു വര്‍ഷം പിന്നിട്ടെന്നും എര്‍ലെ അവകാശപ്പെട്ടു. ബോട്ടിലേക്ക് ജീവിതം മാറ്റിയതോടെ ഒരിടത്ത് തന്നെ സ്ഥിരമായി താമസിക്കുക എന്ന ബോറടി ഒഴിവായി കിട്ടിയതായും അവര്‍ പറയുന്നു. ഓരോ ദിവസം ഓരോ കാഴ്ചകള്‍ കണ്ട് വ്യത്യസ്ത പ്രദേശങ്ങളില്‍ ഉറക്കമുണരാം. അതിന് തന്നെ വലിയ സന്തോഷമല്ലേയെന്നും എര്‍ലെ ചോദിക്കുന്നു.
‘മാഗി’ 1920-കളിലെ ബോട്ടാണ്. അതിനാല്‍ തന്നെ പഴയ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ബോട്ടിലേക്ക് ജീവിതം മാറ്റിയതോടെ വാടകയ്ക്കും മറ്റ് ചെലവുകള്‍ക്കുമായി പ്രതിമാസം ചെലവായിരുന്ന 1200 യൂറോ (ഒരു ലക്ഷത്തോളം രൂപ) യില്‍ നിന്ന് 575 യുറോയിലേക്ക് (അമ്പത്തിയൊന്നായിരം രൂപ) കാര്യങ്ങള്‍ ഒതുങ്ങി. കൂടാതെ തന്‍റെ അനാവശ്യമായ മറ്റ് യാത്രകളും കുറഞ്ഞു. കല്‍ക്കരി ഉപയോഗിച്ചാണ് ബോട്ട് ഓടിക്കുന്നത്. 16 യൂറോയ്ക്ക് (1400 രൂപ) വാങ്ങുന്ന കല്‍ക്കരി രണ്ട് ആഴ്ചത്തേക്ക് നില്‍ക്കും. ഒരു ഡീസല്‍ എഞ്ചിനും ഉണ്ട്. ഇതിന് 60 യൂറോ (5400 രൂപ) ചെലവ് വരും. വെള്ളം ചൂടാക്കാൻ 25 യൂറോ (2200 രൂപ) വിലയുള്ള ഗ്യാസ് ബോട്ടിലുകളാണ് ഉപയോഗിക്കുന്നത്. നദിയില്‍ ജീവിക്കുന്നതിനാല്‍ വെള്ളത്തിന് വില കൊടുക്കേണ്ടിവരുന്നില്ല. പിന്നെയുള്ള ചെലവ് ബോട്ട് ഉപയോഗിക്കുന്നതിനുള്ള കനാൽ ആൻഡ് റിവർ ട്രസ്റ്റിന് കൊടുക്കുന്ന 130 യൂറോ (11,000 രൂപ) ലൈസൻസ് ഫീസാണ്. ഇന്‍ഷുറന്‍സിനായി പ്രതിമാസം 10 യൂറോയും (900 രൂപ) ചെലവാകുന്നു. ബോട്ട് വാങ്ങുന്നതിന് സുഹൃത്തില്‍ നിന്ന് 30,000 പൗണ്ട് (27 ലക്ഷം രൂപ) വായ്പ വാങ്ങിയിരുന്നു. ഇത് ഗഡുക്കളായി തിരിച്ചടയ്ക്കാന്‍ കഴിയുന്നുണ്ടെന്നും എര്‍ലെ പറയുന്നു.
“ഞാൻ വളർന്നത് ലോർഡ് ഓഫ് ദ റിംഗ്സ്, ക്രോണിക്കിൾസ് ഓഫ് നാർനിയ എന്നീ നോവലുകള്‍ വായിച്ചാണ് ഞാന്‍ വളര്‍ന്നത്. അതും യൂറോപ്പിലെ ഒരു സാധാരണ ഗ്രാമത്തില്‍. അതിനാൽ തന്നെ മറ്റൊരു ജീവിതത്തോട് എനിക്ക് എന്നും ഒരു ആകർഷണം ഉണ്ടായിരുന്നു. കുട്ടിക്കാലം മുതൽ ഒരു ബോട്ടിൽ ജീവിക്കുക, വ്യത്യസ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുക, പുതിയ ആളുകളെ കണ്ടുമുട്ടുക, സുഹൃത്തുക്കളുടെ വീടുകളിലേക്ക് പോവുക ഇതൊക്കെ ഇഷ്ടമായിരുന്നു.’ എലിസബത്ത് എര്‍ലെ പറയുന്നു. വെള്ളത്തിലെ തന്‍റെ ജീവിതത്തെ കുറിച്ച് പറയുന്ന, 91 എപ്പിസോഡുകള്‍ പിന്നിട്ട ഒരു യൂട്യൂബ് സീരീസിന്‍റെ സംവിധായികയാണ് എര്‍ലെ. ഇടുങ്ങിയ ബോട്ടുകളിലെ സ്ത്രീകളുടെ ചരിത്രത്തെ കുറിച്ച് ഗവേഷണം ചെയ്യാൻ പുതുവർഷത്തിൽ യുകെയിൽ പര്യടനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍.