ലാലേട്ടനോടൊപ്പം ആടിപ്പാടി നടന്ന മണി; പ്രാരാബ്ധങ്ങള്‍ ഈ നടനെ കൂലിപ്പണിക്കാരനാക്കി

0
62

ല്‍പ്പറ്റ: മോഹന്‍ലാല്‍ നായകനായ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കുകയും മലയാളികളുടെ ഹൃദയം കീഴടക്കുകയും ചെയ്ത നടനാണ് വയനാട്ടിലെ വനവാസി സമൂഹത്തില്‍ നിന്നുള്ള മണി.

ഇപ്പോഴിതാ, ബിഗ് സ്ക്രീനില്‍ നിന്നും ഈ നടന്‍ അകന്നുപോയി കൊണ്ടിരിക്കുകയാണ്. അസാമാന്യ കഴിവുള്ള മണിയെന്ന പ്രതിഭ തിരികെ മലയാള സിനിമയിലേയ്‌ക്ക് വരണമെന്ന് പറയുകയാണ് യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. മണിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ചിത്രം പങ്കുവെച്ചു കൊണ്ട് നടന്റെ ജീവിതം ശ്യാംരാജ് വിവരിച്ചിരിക്കുന്നത്.

‘ഞാനും നിന്നെപ്പോലൊരു പുല്‍ച്ചാടി. ആക്ടര്‍ മണിയോടൊപ്പം. ഫോട്ടോഗ്രാഫര്‍ സിനിമയില്‍ ലാലേട്ടനോടൊപ്പം ആടിപ്പാടി നടന്ന മണിയെന്ന വയനാടന്‍ ആദിവാസി ബാലനെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ആദ്യ സിനിമയില്‍ തന്നെ മികച്ച ബാല താരത്തിനുള്ള അവാര്‍ഡും ലഭിച്ചു. കാലം കടന്നു. കബനീ നദിയിലൂടെ വെള്ളം ഒരുപാടൊഴുകി. മണി യുവാവായി, വിവാഹിതനായി, നാല് കുട്ടികളുടെ പിതാവുമായി. സിനിമയില്‍ നിലനില്‍ക്കാന്‍ കഴിവ് മാത്രം പോരല്ലോ? സ്വയം പ്രൊമോട്ട് ചെയ്യാനറിയാത്ത, വ്ലോഗര്‍മാരെക്കൊണ്ട് വീഡിയോ ചെയ്യിക്കാനറിയാത്ത, ലക്ഷങ്ങള്‍ കൊടുത്ത് ഓണ്‍ലൈന്‍ മീഡിയകളില്‍ പബ്ലിസിറ്റി നല്‍കാന്‍ സാധിക്കാത്ത മണി പതിയെ സിനിമയില്‍ നിന്നുമകന്നു. പ്രാരാബ്ധങ്ങള്‍ ആ നടനെ കൂലിപ്പണിക്കാരനാക്കി മാറ്റി. ഇടവേളകളില്‍ അടയ്‌ക്ക പറിയ്‌ക്കാനും, കാപ്പിക്കുരു പറിയ്‌ക്കുവാനും പോയി’.

‘ദീര്‍ഘകാലത്തെ ഇടവേളയ്‌ക്ക് ശേഷം ഉടലാഴം എന്ന സിനിമയിലും ചില വെബ് സീരീസുകളിലും വേഷം ലഭിച്ചു. ലഭിച്ച വേഷങ്ങള്‍ മനോഹരമാക്കിയെങ്കിലും മണി ഇനിയും ശ്രദ്ധിയ്‌ക്കപ്പെടേണ്ടതുണ്ട്. പ്രിവിലേജുകള്‍ വലിയൊരു പ്രശ്നമാണ്. പ്രിവിലേജുകളില്ലെങ്കിലും മണിയ്‌ക്ക് അസാമാന്യ കഴിവുണ്ട്. ഈയൊരു ചുറ്റുപാടില്‍ നിന്നും മോഹന്‍ലാല്‍ എന്ന മഹാനടനോടൊപ്പം അഭിനയിക്കുവാനും, സംസ്ഥാന അവാര്‍ഡ് നേടുവാനുമുള്ള പ്രാപ്തിയുണ്ടെങ്കില്‍ മണിയില്‍ പ്രതിഭയുണ്ട്, അതിനുമപ്പുറം അവനില്‍ ഒരു പോരാളിയുണ്ട്. ആ പോരാളിയ്‌ക്ക് നിങ്ങളുടെ, നമ്മുടെ പിന്തുണയുടെ ആവശ്യമുണ്ട്. മലയാള സിനിമയില്‍ മറ്റൊരു മണി കൂടി വരേണ്ടതുമുണ്ട്. ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും മണിയെ പിന്തുണയ്‌ക്കേണ്ടതുണ്ട്’

LEAVE A REPLY

Please enter your comment!
Please enter your name here