മുഗൾ ഗാർഡന്റെ പേര് മാറ്റി കേന്ദ്രം; ഇനി ‘അമൃത് ഉദ്യാൻ’ എന്നറിയപ്പെടും

0
63

ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിലുള്ള മുഗൾ ഗാർഡന്റെ പേര് കേന്ദ്ര സർക്കാർ ശനിയാഴ്‌ച അമൃത് ഉദ്യാൻ എന്ന് പുനർനാമകരണം ചെയ്‌തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന ‘അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ മുഗൾ ഉദ്യാനത്തിന്റെ പേര് ‘അമൃത് ഉദ്യാൻ’ എന്നാക്കി മാറ്റിയത്.

“സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിക്കുന്ന വേളയിൽ, രാഷ്ട്രപതി ഭവനിലെ ഉദ്യാനങ്ങൾക്ക് അമൃത് ഉദ്യാൻ എന്ന പൊതുനാമം ഇന്ത്യൻ രാഷ്ട്രപതി നൽകി.” പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്‌ത പറഞ്ഞു.

ജനുവരി 29 ഞായറാഴ്‌ച രാഷ്ട്രപതി ദ്രൗപതി മുർമു ‘അമൃത് ഉദ്യാൻ’ ഉദ്ഘാടനം ചെയ്യും. ജനുവരി 31 മുതൽ മാർച്ച് 26 വരെ രണ്ട് മാസത്തേക്ക് പൊതുജനങ്ങൾക്കായി ഉദ്യാനം തുറന്നിരിക്കും. സാധാരണയായി പൂക്കൾ നിറഞ്ഞുനിൽക്കുന്ന സമയമായ ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള ഒരു മാസക്കാലമാണ് ഉദ്യാനം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാറുള്ളത്.

രണ്ട് മാസത്തെ കാലയളവിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചതിന് പുറമെ കർഷകർ, ഭിന്നശേഷിക്കാർ തുടങ്ങിയ പ്രത്യേക സംഘങ്ങൾക്ക് പൂന്തോട്ടം തുറന്നുകൊടുക്കാനും സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് നവിക ഗുപ്‌ത പറഞ്ഞു.

എല്ലാ വർഷവും ഒരു മാസത്തേക്ക് മുഗൾ ഗാർഡൻ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാറുണ്ട്. സന്ദർശകർക്ക് ചതുരാകൃതിയിലുള്ളതും, നീളമുള്ളതും, വൃത്താകൃതിയിലുള്ളതുമായ പൂന്തോട്ടങ്ങൾ, ഹെർബൽ ഗാർഡൻ, മ്യൂസിക്കൽ ഗാർഡൻ, സ്‌പിരിച്വൽ ഗാർഡൻ എന്നിവ സന്ദർശിക്കാനുള്ള അവസരമാണ് ലഭ്യമായിരുന്നത്. വ്യത്യസ്‌തമായ ഈ കാഴ്‌ചകൾ എല്ലാം ചേർന്നതാണ് മുഗൾ ഗാർഡൻ.

LEAVE A REPLY

Please enter your comment!
Please enter your name here