കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്നും വില കുറഞ്ഞത് ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ആവേശം നല്‍കുന്നതാണ്. ആഗോള വിപണിയില്‍ വില കുറഞ്ഞു വരുന്നതാണ് കേരളത്തിലും വില ഇടിയാന്‍ കാരണം. വന്‍തോതില്‍ സ്വര്‍ണം വിറ്റഴിക്കല്‍ നടക്കുന്നു എന്നാണ് അന്തര്‍ദേശീയ വിപണിയില്‍ നിന്നുള്ള വിവരം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവകളാണ് വിപണിയെ തളര്‍ത്തിയത്. ഓഹരി വിപണിയും കൂപ്പുകുത്തിയിട്ടുണ്ട്. ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്ന സ്വര്‍ണം വിറ്റ് പണമാക്കുന്നതും വര്‍ധിച്ചു. പുതിയ സ്വര്‍ണം വാങ്ങുന്നത് കുറയുകയും ചെയ്തു.
ഓണ്‍സ് സ്വര്‍ണത്തിന് 3170 ഡോളറിന് അടുത്ത് വരെ എത്തിയിരുന്നെങ്കിലും ഇപ്പോള്‍ കുറഞ്ഞു വരികയാണ്. 3018 ഡോളറാണ് പുതിയ വില. ഇത്ര വലിയ ഇടിവ് നാല് ദിവസത്തിനിടെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. ഈ അവസരം വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ഉപയോഗപ്പെടുത്താം. വരുംദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കും.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8285 രൂപയാണ് കേരളത്തില്‍ ഇന്നത്തെ വില. 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 66280 രൂപയുമായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 68480 രൂപയായിരുന്നു. മൂന്ന് ദിവസം കൊണ്ട് 66280 രൂപയായി. 2200 രൂപയുടെ കുറവാണ് ഈ ദിവസങ്ങളില്‍ സംഭവിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഈ ട്രെന്‍ഡ് പ്രതീക്ഷിക്കുന്നു എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.