‘യുവാക്കൾക്ക് 2.77 ലക്ഷം സ്വകാര്യ ജോലികൾ ഉറപ്പാക്കും’; പഞ്ചാബ് മുഖ്യമന്ത്രി

0
72

കഴിഞ്ഞ ഒരു വർഷത്തിനിടെ യുവാക്കൾക്ക് 29,000-ത്തിലധികം സർക്കാർ ജോലികൾ നൽകിയതിന് പിന്നാലെ സംസ്ഥാന സർക്കാർ ഇപ്പോൾ അവർക്ക് സ്വകാര്യ മേഖലയിൽ 2.77 ലക്ഷം ജോലികൾ ഉറപ്പാക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലായി യുവാക്കൾക്ക് 29,000ത്തിലധികം തൊഴിലവസരങ്ങൾ എഎപി സർക്കാർ ഇതുവരെ നൽകിയിട്ടുണ്ട് എന്നത് അഭിമാനകരവും സംതൃപ്‌തിയും നൽകുന്ന കാര്യമാണെന്നും മൻ പറഞ്ഞു.

മുൻ സർക്കാരുകളൊന്നും യുവാക്കൾക്ക് ഇത്രയധികം ജോലികൾ നൽകിയിട്ടില്ല എന്നതിനാൽ തന്നെ ഇത് ഒരു റെക്കോർഡാണെന്ന് അദ്ദേഹം അവകാശപ്പെട്ടു, പ്രത്യേകിച്ച് അധികാരമേറ്റ ആദ്യ വർഷത്തിനുള്ളിൽ. മെറിറ്റും സുതാര്യതയും ഇരട്ട സ്‌തംഭങ്ങളാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തുടനീളമുള്ള യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകിയതെന്നും മൻ പറഞ്ഞു.

ഇതോടെ സ്വകാര്യ മേഖലയിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ സംസ്ഥാന സർക്കാർ തീവ്രശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഇതുവരെ, സംസ്ഥാന സർക്കാർ നടത്തിയ വലിയ ശ്രമങ്ങൾ കാരണം, ഏകദേശം 48,000 കോടി രൂപയുടെ നിക്ഷേപം പഞ്ചാബിന് ലഭ്യമായിട്ടുണ്ട്” മൻ പറഞ്ഞു.

യുവാക്കളെ സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ സജീവ പങ്കാളിയാക്കുന്നതിനൊപ്പം പഞ്ചാബിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഈ ജോലികൾ വലിയ ഉത്തേജനം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മസ്‌തിഷ്‌ക ചോർച്ചയുടെ പ്രവണത മാറ്റുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും യുവാക്കൾ ജോലി തേടി വിദേശത്തേക്ക് പോകേണ്ടതില്ലെന്നും പഞ്ചാബ് സർക്കാർ അവർക്ക് ലാഭകരമായ ജോലി ഇവിടെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

“ഡൽഹിയിൽ ഞങ്ങൾ 12 ലക്ഷം യുവാക്കൾക്ക് ജോലി നൽകിയിട്ടുണ്ട്. പഞ്ചാബിൽ, ഇതുവരെ 30,000 സർക്കാർ ജോലികൾ നൽകിയിട്ടുണ്ട്, ഇതിന് പുറമെ സ്വകാര്യ മേഖലയിൽ 3 ലക്ഷം കൂടുതൽ ജോലികൾ നൽകാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ട്” ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here